സ്റ്റൈല് മന്നന് രജനീകാന്ത് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം 'ജയിലര് 2' റിലീസിന് പിന്നാലെ സോഷ്യല് മീഡിയയില് പുതിയ ചര്ച്ചകള്ക്ക് തിരികൊളുത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര് ജിഷാദ് ഷംസുദീന്റെ കുറിപ്പ്. ചിത്രത്തില് മോഹന്ലാലിന് വേണ്ടി വസ്ത്രങ്ങള് ഡിസൈന് ചെയ്ത ജിഷാദ്, മോഹന്ലാലിന്റെ പ്രധാനപ്പെട്ട പല സീനുകളും സിനിമയില് നിന്ന് പൂര്ണ്ണമായും വെട്ടിമാറ്റിയതിലുള്ള തന്റെ കടുത്ത നിരാശ പരസ്യമായി പങ്കുവെച്ചു.
ട്രെയിലറില് കാണിച്ച രംഗങ്ങളും മോഹന്ലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും സിനിമയില് നിന്ന് ഒഴിവാക്കിയെന്നും, ഒരു സൂപ്പര്സ്റ്റാറിനോട് കാണിച്ച ഈ അനാദരവ് കാരണം ഇനി ചിത്രത്തിന്റെ അടുത്ത ഭാഗം ഉണ്ടായാല് താന് ഭാഗമാകില്ലെന്നും ജിഷാദ് വ്യക്തമാക്കി. മോഹന്ലാലിന്റെ വസ്ത്രങ്ങളുടെ ചിത്രത്തോടൊപ്പം താരത്തോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും ജിഷാദ് സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ജിഷാദ് ഷംസുദീന് പങ്കുവെച്ച കുറിപ്പിന്റെ പൂര്ണ്ണരൂപം: എന്നെ സ്നേഹിക്കുന്നവര്ക്കും പിന്തുണയ്ക്കുന്നവര്ക്കും. 'ജയിലര് 2' റിലീസ് ചെയ്ത സാഹചര്യത്തില് എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയണമെന്നുണ്ട്. ഷൂട്ട് ചെയ്ത രംഗങ്ങള് വച്ച് എനിക്ക് ഞങ്ങളുടെ ജോലിയെക്കുറിച്ച് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു, ട്രെയിലറില് വെറുമൊരു രണ്ട് സെക്കന്ഡ് മാത്രം കാണിച്ചപ്പോഴും ആ പ്രതീക്ഷ പോയില്ല. എന്നാല് സിനിമ ഇറങ്ങിയപ്പോള് മോഹന്ലാല് സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകള് പൂര്ണമായും വെട്ടിമാറ്റി.
ആ ട്രെയിലറിലുണ്ടായിരുന്ന രംഗം പോലും ഒഴിവാക്കി. എന്റെ സിനിമാപരിചയം വച്ച് പറയുകയാണെങ്കില്, മോഹന്ലാല് സാറിനെപ്പോലൊരു വലിയ താരത്തിന്റെ സീനുകള് ഇതുപോലെ വെട്ടിമാറ്റേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. നമ്മുടെ സൂപ്പര്സ്റ്റാറിനെ ഇങ്ങനെ ചുരുക്കിക്കാണിച്ചത് കണ്ടതുകൊണ്ട്, ഇതിന് അടുത്തൊരു ഭാഗം ഉണ്ടാവുകയാണെങ്കില് ഞാന് അതില് ഉണ്ടാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാന് ക്ഷമ ചോദിക്കുന്നു.
എനിക്ക് കോടി ക്ലബ്ബുകളോ ലാഭമോ പണമോ വലിയ താരപദവിയോ ഒന്നും പ്രധാനം അല്ല. എനിക്ക് പ്രധാനം ആരാധകരും, സിനിമയെ സ്നേഹിക്കുന്നവരും, മോഹന്ലാല് സാറും മാത്രമാണ്. എന്നും എന്റെ കൂടെ നിന്നതിന് എല്ലാവര്ക്കും വലിയ നന്ദി.' 'ജയിലര്' ആദ്യഭാഗത്തില് ചുരുങ്ങിയ സമയം കൊണ്ട് തിയേറ്ററുകളില് വലിയ തരംഗം സൃഷ്ടിക്കാന് മോഹന്ലാലിന്റെ കഥാപാത്രത്തിന് സാധിച്ചിരുന്നു. രജനീകാന്തിന്റെ പ്രകടനത്തിനൊപ്പം തന്നെ മോഹന്ലാലിന്റെ മാസ് എന്ട്രിയും തമിഴകത്തും കേരളത്തിലും ഒരേപോലെ ആഘോഷിക്കപ്പെട്ടതാണ്.
എന്നാല് രണ്ടാം ഭാഗത്തില് സ്ക്രീന് ടൈം വളരെ കുറഞ്ഞതും മോഹന്ലാലിന്റെ മാസ്സ് രംഗങ്ങള് വെട്ടിമാറ്റിയതും സിനിമാ പ്രേമികളെയും ലാലേട്ടന് ആരാധകരെയും ഒരുപോലെ കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. ജിഷാദിന്റെ ഇന്സ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിയാളുകളാണ് പിന്തുണയുമായി എത്തുന്നത്. 'ഇങ്ങേരെ കാണിച്ചാല് രജനി അണ്ണന് സൈഡ് ആകും എന്ന് ഉറപ്പാണ്, അതുകൊണ്ടാകും ഇന്ട്രോ സീന് പോലും കട്ട് ചെയ്തത്', 'എന്ത് പറയാനാണ്, അങ്ങേരെ നല്ലപോലെ കാണിച്ചാല് രജനി പോലും പടത്തില് സൈഡ് ആയിപ്പോകും', 'ചതിയായിപ്പോയി', 'ലാലേട്ടന് എന്തുകൊണ്ടാണ് ഇത്രയും കുറവ് സ്ക്രീന് ടൈം എന്ന് ഞാന് ചിന്തിക്കുകയായിരുന്നു' എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങള്. മോഹന്ലാല് ഫാന്സ് അസോസിയേഷനും ജിഷാദിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തിയതോടെ സംവിധായകന്റെയും അണിയറപ്രവര്ത്തകരുടെയും ഈ നീക്കത്തിനെതിരെ സോഷ്യല് മീഡിയയില് വലിയ പ്രതിഷേധമാണ് ഉയരുന്നത്.