കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന വി.ഡി. സതീശന് ആശംസകളുമായി മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും രംഗത്ത്. വി.ഡി. സതീശന്റെ ചിത്രങ്ങള്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സ്‌നേഹാശംസകള്‍ നേര്‍ന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് പുറമെ സിനിമ ലോകത്തുനിന്നും വലിയ പിന്തുണയാണ് പുതിയ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചത്. ''കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നാണ് വി.ഡി. സതീശന്റെ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചത്. വളരെ ലളിതവും എന്നാല്‍ ശക്തവുമായ മമ്മൂട്ടിയുടെ ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും വി.ഡി. സതീശന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നാടിന്റെ വികസന സ്വപ്നങ്ങളെ മുന്‍നിര്‍ത്തിയാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. 'നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്‌നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ' എന്നാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പുതിയ ഭരണത്തിന് കീഴില്‍ കേരളത്തില്‍ വലിയ വികസന മുന്നേറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന പ്രത്യാശയാണ് മോഹന്‍ലാലിന്റെ വാക്കുകളിലുള്ളത്.
അതേസമയം, വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ഏതാണ്ട് 11 ദിവസത്തോളം കടുത്ത അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. ഒടുവില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തില്‍ നിന്നും വലിയ അടിയൊഴുക്കുകളും ചര്‍ച്ചകളുമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടന്നത്. വി.ഡി. സതീശന് പുറമെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. ഒടുവില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം എംഎല്‍എമാരുടെയും നേതാക്കളുടെയും പിന്തുണയും യുവനേതൃത്വമെന്ന പ്രതിച്ഛായയും പരിഗണിച്ച് വി.ഡി. സതീശന് നറുക്ക് വീഴുകയായിരുന്നു. സൂപ്പര്‍താരങ്ങളുടെ ആശംസകള്‍ കൂടി എത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം ഇരട്ടിയായിട്ടുണ്ട്.