മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. അഭിനയത്തിലേക്ക് ഒന്നുംവന്നിട്ടില്ലെങ്കിലും ഒരു നടിയുടേതായ പരിവേഷമൊക്കെ മലയാളികള്‍ ദേവികയ്ക്ക് നല്‍കിയിട്ടുണ്ട്. നൃത്ത അധ്യാപിക, ഇന്‍ഫ്ലുവെന്‍സര്‍ എന്ന നിലകളില്‍ എല്ലാം ദേവിക തിളങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് മേതില്‍ ദേവികയോട്. ചെറുപ്പം മുതല്‍ നൃത്തത്തില്‍ സജീവമായ ദേവിക ഒരുപാട് വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ട്. നിരവധി ഷോകളുടെയൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും ദേവികയെ കൂടുതല്‍ പേര്‍ അറിയുന്നത് നടന്‍ മുകേഷിനെ വിവാഹം ചെയ്തതോടെയാണ്. വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ ബന്ധം വേര്‍പിരിഞ്ഞതും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായതാണ്.
മുകേഷ് ആദ്യ ഭാര്യ സരിതയുമായി വിവാഹമോചനം നേടിയ ശേഷം 2013 ലാണ് മേതില്‍ ദേവികയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2021 ആയപ്പോള്‍ ഇവര്‍ പിരിയുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞിരുന്നു. വിവാഹമോചനം വാര്‍ത്ത ആയപ്പോഴൊക്കെ അതിനോട് പക്വതയോടെയാണ് ദേവിക പ്രതികരിച്ചത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. അതുകൊണ്ടു തന്നെ രണ്ടാം വിവാഹവും തകര്‍ന്നതിന്റെ വലിയ വേദനയിലാണ് ദേവിക ഇപ്പോഴുമുള്ളത്. എങ്കിലും ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായ യഥാര്‍ത്ഥകാരണങ്ങള്‍ എന്താണെന്ന് ഇതുവരെയും ദേവിക തുറന്നു പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ദേവികയുടെ തുറന്നു പറച്ചിലുകള്‍ ആ കാരണങ്ങളിലേക്കുള്ള ചില വെളിപ്പെടുത്തലുകളാണ്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ദേവിക. തന്റെ നേട്ടങ്ങളും വിശേഷങ്ങളും ഡാന്‍സുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ദേവിക പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പൂര്‍ണമായും നൃത്തത്തിന്റെ ലോകത്ത് കഴിയുന്ന ദേവിക ആ വിശേഷണങ്ങളാണ് കൂടുതലും പങ്കുവയ്ക്കാറുള്ളത്. മാധ്യമങ്ങളില്‍ നിന്നൊക്കെ പൊതുവെ അകലം പാലിക്കുന്ന സ്വഭാവമാണ് ദേവികയുടേത്. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം തന്റെ ദാമ്പത്യ ജീവിതങ്ങളെ കുറിച്ച് ദേവിക ഷോയില്‍ മനസു തുറന്നപ്പോഴാണ് അതിന്റെ തകര്‍ച്ചയെ കുറിച്ചും നടി വെളിപ്പെടുത്തിയത്.
രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ഞാന്‍ രണ്ടു തവണയും പരാജയപ്പെട്ടയാളാണ്. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്. ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്.
എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ എനിക്ക് ബാക്കിയെല്ലാം നല്‍കി, പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ലെന്നാണ് ദേവിക പറയുന്നത്.
വിവാഹത്തിന് മുമ്പായി നിങ്ങള്‍ക്ക് ഡേറ്റ് ചെയ്യുകയോ എന്തുമാകാം. പക്ഷെ നമ്മളുടെ സിസ്റ്റത്തില്‍ അങ്ങനെയില്ല. വിവാഹ ശേഷമായിരിക്കും പ്രശ്‌നങ്ങള്‍ ആരംഭിക്കുക. വിവാഹത്തിന് മുമ്പ് പൂര്‍ണമായും ഉറപ്പില്ലാതെ അതിന് നില്‍ക്കരുത്. ദാമ്പത്യബന്ധം തകരാന്‍ കാരണം, ഞാന്‍ എന്നെ തന്നെയേ പറയൂ. മറ്റാരേയും പറയില്ല. നമ്മളെ വളര്‍ത്തിയത് തന്നെ, പ്രത്യേകിച്ച് കേരളത്തില്‍, പ്രത്യേക വിശ്വാസത്തിലാണ്. പണ്ടൊക്കെ ഒരു ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ അത് സീരിയസാണ്. ഞാന്‍ സംസാരിച്ചിരുന്ന എക ആളായിരുന്നു രാജീവ്. അപ്പോള്‍ ഞാന്‍ കരുതി അത് വിവാഹത്തിലാണ് അവസാനിക്കേണ്ടതെന്ന്. അങ്ങനെ തന്നെയാണ് മുകേഷേട്ടന്റെ കാര്യത്തിലുമെന്നാണ് ദേവിക പറയുന്നത്.
പക്ഷെ അങ്ങനെയല്ല. പ്രണയത്തിന് ഒരുപാട് വശങ്ങളുണ്ട്. അതൊന്നും കാണാന്‍ പാകമാക്കുന്ന തരത്തിലല്ല നമ്മളെ വളര്‍ത്തുന്നത്. ഞാന്‍ കൂടെ ജീവിച്ച മനുഷ്യര്‍ക്കൊപ്പം ഒരു ലിവ് ഇന്‍ സാധ്യമാകുമായിരുന്നുവെങ്കില്‍ ഞാന്‍ മാറിചിന്തിച്ചേനെ. പക്ഷെ അന്നത്തെ കാലത്ത് അതൊന്നും സാധ്യമായിരുന്നില്ല. നമ്മള്‍ ഇമേജിനെക്കുറിച്ചൊക്കെ ഒരുപാട് ആശങ്കാകുലരായിരിക്കുമെന്നും മേതില്‍ ദേവിക ചൂണ്ടിക്കാണിക്കുന്നുണ്ട്.
റിലേഷന്‍ഷിപ്പുകള്‍ എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ മനസിലാക്കുന്നത് ഈ ജീവിതത്തില്‍ റിലേഷന്‍ഷിപ്പുകള്‍ എനിക്ക് പറ്റിയ സാധനമല്ലെന്നും താരം പറയുന്നുണ്ട്. വിഷമഘട്ടത്തില്‍ നൃത്തമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നാണ് മേതില്‍ ദേവിക പറയുന്നത്. തന്റെ മകനെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിലെത്തിയിരിക്കുന്നത്.