Latest News

നടന്‍ മേഘനാഥന്‍ അന്തരിച്ചു... അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിടവാങ്ങിയത് അഭിനയിച്ച സിനിമകളെല്ലാം തിളങ്ങിയ വില്ലന്‍

Malayalilife
നടന്‍ മേഘനാഥന്‍ അന്തരിച്ചു... അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിടവാങ്ങിയത് അഭിനയിച്ച സിനിമകളെല്ലാം തിളങ്ങിയ വില്ലന്‍

വില്ലനായും സഹനടനായും ഒക്കെ നിരവിധ മലയാള സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു പ്രായം. വില്ലന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു നിവിന്‍ പോളി ചിത്രമായ 'ആക്ഷന്‍ ഹീറോ ബിജു'വിലെ രാജേന്ദ്രന്‍. സ്വന്തം ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഹൃദയം തകര്‍ന്ന് മക്കളെ കെട്ടിപിടിച്ചു കരയുന്ന മേഘനാഥന്‍ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. വളരെ ചെറിയ നേരത്തേക്ക് ആണെങ്കില്‍ കൂടി രാജേന്ദ്രന്‍ പ്രേക്ഷക മനസില്‍ മായാതെ നിന്നു. അവിടുന്നങ്ങോട്ട് പുതിയൊരു പാതയിലേക്ക് മേഘനാഥന്‍ തിരിയുകയായിരുന്നു.

'സണ്‍ഡേ ഹോളിഡേ'യിലെ എസ്‌ഐ ഷഫീക്ക്, 'ആദി'യിലെ മണി അണ്ണന്‍, 'കൂമനി'ലെ എസ്‌ഐ സുകുമാരന്‍ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മേഘനാഥനെ തേടിയെത്തി. മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ 'സമാധാന പുസ്തകം' എന്ന ചിത്രത്തിലാണ് മേഘനാഥന്‍ അവസാനമായി അഭിനയിച്ചത്. ആരോഗ്യവാനായിരുന്ന അദ്ദേഹം പെട്ടെന്നാണ് അസുഖബാധിതനായത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകവും സഹതാരങ്ങളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളുമെല്ലാം.

സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ചാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ ബാലന്‍ കെ നായരുടെ അഞ്ചുമക്കളില്‍ ഒരാളാണ് മേഘനാഥന്‍. ജൂണിലായിരുന്നു ഇദ്ദേഹത്തിന്റെ അനുജന്‍ അജയകുമാര്‍ അന്തരിച്ചത്. പിന്നാലെയാണ് മാസങ്ങള്‍ക്കിപ്പുറം മേഘനാഥന്റെയും മരണവാര്‍ത്ത എത്തിയത്. ആര്‍ ബി അനില്‍ കുമാര്‍, സുജാത, സ്വര്‍ണലത എന്നിവരാണ് ബാലന്‍ കെ നായരുടെ മറ്റുമക്കള്‍. സുസ്മിതയാണ് ഭാര്യ, മകള്‍ പാര്‍വതി.

1983ല്‍ 'അസ്ത്രം' എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. അച്ഛനെ പോലെ തന്നെ വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു മേഘനാഥനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അസ്ത്രത്തിലൂടെ സിനിമയിലേക്ക് എത്തിയതിന് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ മേഘനാഥനായി.

തുടര്‍ന്ന് 'ഈ പുഴയും കടന്നി'ലെ കുടിയനായ, ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, 'ഒരു മറവത്തൂര്‍ കനവി'ലെ ഡ്രൈവര്‍ തങ്കപ്പനും 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ തിമ്മയ്യയുമെല്ലാം ആദ്യ കാലങ്ങളില്‍ മേഘനാഥനെ തേടിയെത്തിയ മികച്ച കഥാപാത്രങ്ങളായി മാറി. നായകന്മാര്‍ക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് കാഴ്ചക്കാരില്‍ ഒരു ഭയമുണ്ടാക്കാന്‍ ഓരോ മേഘനാഥന്‍ കഥാപാത്രങ്ങള്‍ക്കും സാധിച്ചിരുന്നു.

നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പഞ്ചാഗ്‌നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Read more topics: # മേഘനാഥന്‍
meghanathan-passed-away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES