കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക അതിക്രമത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മീര വാസുദേവ്. തന്റെ ഏഴാം വയസ്സില്‍ തുടങ്ങിയ പീഡനം 17 വയസ്സുവരെ നീണ്ടുനിന്നുവെന്നും തമിഴ് പഠിപ്പിക്കാനെത്തിയ ട്യൂഷന്‍ അധ്യാപകനാണ് തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തതെന്നും താരം വെളിപ്പെടുത്തി. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവ് താന്‍ വര്‍ഷങ്ങളോളം ഉള്ളിലൊതുക്കിയ ഈ ദുരനുഭവം തുറന്നുപറഞ്ഞത്.
മീര വാസുദേവന്റെ വാക്കുകളിലേക്ക്: 'അതൊരു തമിഴ് ട്യൂഷന്‍ ടീച്ചറായിരുന്നു. ഞാന്‍ തമിഴില്‍ അല്‍പം പിന്നിലായതുകൊണ്ട് മുത്തശ്ശിയുടെ റഫറന്‍സ് വഴിയാണ് അയാള്‍ വീട്ടിലേക്ക് വരുന്നത്. എന്നാല്‍ വീട്ടില്‍ ആരും ഒന്നും അറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചു. അവിടെ വന്നിരുന്ന മറ്റ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അയാള്‍ ഇത്തരത്തില്‍ ഉപദ്രവിച്ചിരുന്നു. സംഭവം തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ്സ് മാത്രമേ പ്രായമുള്ളൂ. വര്‍ഷങ്ങളോളം ഞാന്‍ ഇത് ആരോടും പറഞ്ഞിരുന്നില്ല. കാരണം അയാള്‍ എന്നെ അത്രയധികം ഭീഷണിപ്പെടുത്തുമായിരുന്നു. അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ ലൈംഗിക വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു.
ഞാന്‍ വളരെ ചെറുതായിരുന്നതുകൊണ്ട് അയാളുടെ ഭീഷണിയില്‍ വീണുപോയി. ഞാനൊരു മോശം പെണ്‍കുട്ടിയാണെന്ന് സ്‌കൂളിലെ അധ്യാപകരോടും അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞു കൊടുക്കുമെന്നായിരുന്നു അയാളുടെ ഭീഷണി. അതറിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി.'
'ലൈംഗിക ചൂഷണം നേരിട്ട ഒരാളാണെങ്കില്‍ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. അക്രമികള്‍ ഇരകളെ പ്രൊഫൈല്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ പിന്നീട് വായിച്ചിട്ടുണ്ട്. അതിക്രമികളുടെ മുന്നില്‍ ഇരകളുടെ സ്വഭാവം തന്നെ മാറും. ലൈംഗിക അതിക്രമം നേരിടാത്ത ഒരാളാണെങ്കില്‍ എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ ഉടന്‍ പ്രതികരിക്കും. എന്നാല്‍, ഇത്തരം ദുരനുഭവം നേരിട്ടവരാണെങ്കില്‍ പ്രതികരിക്കുന്ന രീതി മാറും. ഉള്ളില്‍ പേടി കാണിക്കും, പെട്ടെന്ന് കീഴടങ്ങുന്ന (Submissive) സ്വഭാവമാകും. അക്രമികള്‍ ഇത് മുതലെടുക്കും. അതില്‍ നിന്നുമാണ് നമ്മള്‍ പുറത്തുകടക്കേണ്ടത്.' 'പതിനേഴ് വയസ്സുവരെ എനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നു. അത് എന്നെ മാനസികമായി വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ നിലവിളിക്കുകയും കരയുകയും സ്വയം മുറിവേല്‍പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യില്ലെന്ന് തോന്നിയതോടെ ഞാന്‍ പൂര്‍ണ്ണമായും മിണ്ടാതായി. എനിക്ക് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.
ഇതേ അധ്യാപകന്‍ പിന്നീട് എന്റെ സഹോദരിക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വലിയ പ്രശ്‌നമുണ്ടാക്കി. പക്ഷേ, എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്ക് സംഭവിക്കുന്നത് എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാനുള്ള പ്രായമില്ലായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനോടും അമ്മയോടും ഇത് എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു'- മീര വാസുദേവ് പറഞ്ഞു നിര്‍ത്തി.