തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീരാ വാസുദേവന്‍. പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളുടെ ഭാഗമായ അവര്‍ സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടേയും മനസില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ 44 വയസുകാരിയായ താരം തന്റെ വിവാഹങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പരാജയപ്പെട്ട വിവാഹബന്ധങ്ങള്‍ക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം താന്‍ പാഴാക്കി എന്നാണ് മീര പറയുന്നത്. 'ഞാന്‍ എന്റെ മകനോട് പലപ്പോഴും പറയാറുണ്ട്... മൂന്ന് മണ്ടന്‍ വിവാഹങ്ങള്‍ക്കായി ഞാന്‍ എന്റെ ജീവിതത്തിലെ 17 വര്‍ഷം പാഴാക്കി. ബുദ്ധിപരമായി ജോലി ചെയ്തിരുന്നെങ്കില്‍ ആ സമയത്തിനുള്ളില്‍ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാമായിരുന്നു. സിനിമ, ഫിറ്റ്‌നസ് അല്ലെങ്കില്‍ എനിക്കായി ഒരു നല്ല സോഷ്യല്‍ സര്‍ക്കിള്‍ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു,' ധന്യ വര്‍മ്മയുമായുള്ള സംഭാഷണത്തിനിടെ മീര പറഞ്ഞു.
'എനിക്ക് എന്റെ ജീവിതത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു, പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഒരുപാട് സമയം ചിലവഴിക്കാമായിരുന്നു. പകരം, ഞാന്‍ ആ സമയം മറ്റുള്ളവര്‍ക്കായി പാഴാക്കി... എന്നെ ഗൗരവമായി കാണാത്ത അല്ലെങ്കില്‍ ബഹുമാനിക്കാത്ത ആളുകളുമായുള്ള ബന്ധങ്ങള്‍ക്കായി ഞാന്‍ ഒരുപാട് സമയം പാഴാക്കി.'
ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, വിശ്വാസവഞ്ചന, ചതി എന്നിവ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു. തന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നില്ലെന്ന് മീര വെളിപ്പെടുത്തി. തന്റെ മകനോട് ആ വ്യക്തി കാണിച്ച സ്‌നേഹവും പരിഗണനയുമാണ് അന്ന് ആ ബന്ധത്തിലേക്ക് തന്നെ നയിച്ചത്. മകന് ഒരു നല്ല അച്ഛനെ ലഭിക്കുമെന്ന് കരുതിയെങ്കിലും ആ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നു. പങ്കാളിയുടെ അമിതമായ ആശ്രിതത്വവും മൂല്യങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടും ആ ബന്ധം തകരാന്‍ കാരണമായി. പങ്കാളിയെ അമ്മയെപ്പോലെ കണ്ട് സ്പൂണ്‍ ഫീഡിങ്ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്റെ വിവാഹജീവിതങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും അത് വെറും ഗോസിപ്പുകള്‍ മാത്രമായിരിക്കാം. പക്ഷേ എനിക്ക് അത് എന്റെ ജീവിതമായിരുന്നു. മൂന്ന് വിവാഹങ്ങള്‍ പരാജയപ്പെട്ട ഒരു സ്ത്രീ എന്ന് ഈ സമൂഹം എന്നെ മുദ്രകുത്തുമ്പോള്‍, അതിനെയെല്ലാം അതിജീവിക്കാന്‍ എനിക്ക് സാധിച്ചത് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഞാന്‍ ഒട്ടും വ്യാകുലപ്പെടാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്നെ ബാധിക്കില്ല എന്ന തിരിച്ചറിവാണ് എന്നിലെ ഏറ്റവും വലിയ മാറ്റം.
വിവാഹമോചനത്തിലേക്ക് ഞാന്‍ എത്തിയത് പെട്ടെന്നുണ്ടായ ഒരു തോന്നലിലല്ല. വിശ്വാസവഞ്ചന, ചതി, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാന്‍ കഴിയില്ല. ഞാന്‍ എന്നില്‍ നിന്നോ എന്റെ മകനില്‍ നിന്നോ പോലും വഞ്ചനയോ പീഡനമോ സഹിക്കില്ല, പിന്നെന്തിനാണ് മറ്റൊരാളില്‍ നിന്ന് അത് സഹിക്കുന്നത്? ഒരു പങ്കാളി നമ്മളെ എപ്പോള്‍ വേണമെങ്കിലും വലിച്ചെറിയാന്‍ പറ്റുന്ന ഒന്നായി കാണുമ്പോഴോ, നമ്മുടെ കുടുംബത്തിനും മകനും ഭീഷണിയാകുമ്പോഴോ അവിടെ തുടരുന്നത് ആത്മഹത്യാപരമാണ്. ഗാര്‍ഹിക പീഡനം എന്നത് ഒരു സ്ത്രീയും സഹിക്കേണ്ട ഒന്നല്ല. സഹിച്ചു ജീവിക്കണം എന്ന് പറയുന്ന പഴയകാലത്തെ യാഥാസ്ഥിതിക പെണ്‍കുട്ടിയല്ല ഞാന്‍. സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ അര്‍ഹതയുള്ള ഒരു മനുഷ്യനായാണ് ഞാന്‍ എന്നെ കാണുന്നത്.
2005-ല്‍ ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെ മീര വിവാഹം കഴിച്ചു, എന്നാല്‍ 2010 ജൂലൈയില്‍ അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ മലയാള നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു, ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. 2016-ല്‍ അവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2024 മെയ് മാസത്തില്‍ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ വിവാഹം കഴിച്ചുവെങ്കിലും 2025 ഓഗസ്റ്റില്‍ അവര്‍ ബന്ധം വേര്‍പെടുത്തി.
'എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, എനിക്ക് ഒന്നും ഒളിക്കാനില്ല. ഇപ്പോള്‍ എനിക്ക് എന്റെ ജീവിതവുമായി മുന്നോട്ട് പോകണം. ഞാന്‍ ഇപ്പോള്‍ എന്റെ കരിയറില്‍ വളരെ തിരക്കിലാണ്, ജീവിതത്തില്‍ സന്തുഷ്ടയാണ്. ഇപ്പോള്‍ എന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്,' ഈ വര്‍ഷം ആദ്യം മൂവി വേള്‍ഡ് മീഡിയയോട് മീര പറഞ്ഞു.