വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്ന മനോജ് കെ. ജയന്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങളായി താന്‍ മദ്യപാനത്തില്‍ നിന്നും പുകവലിയില്‍ നിന്നും അകന്നുനില്‍ക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിന് പിന്നിലെ കാരണം മകളാണെന്ന് മനോജ് കെ. ജയന്‍ പറയുന്നു.
മകള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍, അവള്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് ക്ലാസുകളില്‍ എത്തിയപ്പോഴാണ് ഇനി മദ്യം വേണ്ടെന്ന തീരുമാനം താന്‍ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'മകള്‍ വളര്‍ന്നു വന്നപ്പോള്‍ നിര്‍ത്തിയതാണ്. അവള്‍ ഒന്നിലോ രണ്ടിലോ എത്തിയപ്പോള്‍ ഞാന്‍ കരുതി ഇനി വേണ്ട എന്ന്. സെറ്റില്‍ പോയാലും കഴിക്കുന്നില്ലെന്ന് അന്ന് തീരുമാനിച്ചു. ഇപ്പോള്‍ പതിനാറ് വര്‍ഷമായി. ബിയറോ ഷാംപെയ്നോ പോലുമില്ല. പുകവലിയുമില്ല, കള്ളുകുടിയുമില്ല.' - മനോജ് കെ. ജയന്‍ പറഞ്ഞു.
അനന്തഭദ്രം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് താന്‍ അവസാനമായി മദ്യപിച്ചതെന്ന് താരം പറഞ്ഞു. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം താന്‍ മദ്യം തൊട്ടിട്ടില്ലെന്നും അക്കാലത്തും വെറും രണ്ട് പെഗ്ഗ് മാത്രമായിരുന്നു തന്റെ അളവെന്നുമാണ് മനോജ് കെ. ജയന്‍ വെളിപ്പെടുത്തുന്നത്. 'ഞാന്‍ എന്റേതായ സ്‌പേസില്‍ ചെറിയൊരു കോണിയാക്കും വാങ്ങി, ഞാന്‍ തന്നെ സോഡയും ഒഴിച്ച്, ടിവി കണ്ട് തനിയെ ഇരുന്നായിരുന്നു മദ്യപിച്ചിരുന്നത്. ഞാനും ഞാനും മാത്രം.'
ഏകദേശം പതിനാറ് വര്‍ഷമായി ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന മനോജ് കെ. ജയന്റെ ഈ തുറന്നുപറച്ചില്‍ വലിയ കൈയടിയോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിക്കുന്നത്. ആത്മനിയന്ത്രണത്തിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താരത്തിന്റെ ഈ വാക്കുകള്‍ ഒരു പ്രചോദനമാണ്.