സ്വപ്ന സാക്ഷാകാരത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചവരുടെ പട്ടികയിലേക്ക് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജാ മാധവനും. കഥകളിക്ക് പിന്നാലെ 67-ാം വയസില്‍ മോഹിനിയാട്ടത്തിലും അരങ്ങേറ്റം കുറിച്ചിരിക്കയാണ് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവന്‍. മഞ്ജു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ നൃത്ത വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും മഞ്ജു വാരിയര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ സംസാര വിഷയം.
തന്റെ അമ്മയുടെ മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം വികാരഭരിതമായ കുറിപ്പും പങ്ക് വച്ചിരിക്കുകയാണ്.
അമ്മേ നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിനു നന്ദി. 67-ാം വയസ്സിലാണ് അമ്മ ഇത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളെയും അമ്മ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. അമ്മയെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നു', മഞ്ജു വാരിയര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ചുരുങ്ങിയ സമയത്തിനകമാണ് ഗിരിജ മാധവന്റെ ചിത്രങ്ങള്‍ വൈറലായത്. രമേഷ് പിഷാരടി, ഗീതു മോഹന്‍ദാസ്, ആശിക് അബു, സിതാര കൃഷ്ണകുമാര്‍ തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രശംസ അറിയിക്കുന്നുണ്ട്. ഗിരിജ അനേകം പേര്‍ക്കു പ്രചോദനമാണെന്നാണു ലഭിക്കുന്ന കമന്റുകള്‍. അടുത്തിടെയാണ് ഗിരിജ മാധവന്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചത്.