ഒടിയന് സിനിമക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെ നടി മഞ്ജു വാര്യര്‍ പിന്തുണയുമായി രംഗത്തെത്തി. ഒടിയന് സിനിമയെ രക്ഷിക്കാന്‍ മഞ്ജു വാര്യര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്. ചിത്രം ഒടിയനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു.
വിമര്‍ശനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും രണ്ടിനെയും ഒരുപോലെ സ്വീകരിക്കുന്നതായും മജ്ഞു വാര്യര്‍ കുറിച്ചു. ചിത്രം വിജയിപ്പിച്ച എല്ലാവര്ക്കും നന്ദിയെന്നും ഇനിയും ഒടിയന് കാണാത്തവര്‍ കാണണമെന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര് അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി. ഇനിയും ഒടിയന് കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന് മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!
ഒരു വിഭാഗം സിനിമയ്ക്ക് നല്ല പ്രതികരണം നല്കുമ്പോഴും വ്യാപകമായ രീതിയില്‍ ഒടിയനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തന്റെ സിനിമ മനഃപൂര്‍വമായ ഡീ ഗ്രേഡിംഗിന് വിധേയമാക്കുകയാണെന്ന് പറഞ്ഞ് സംവിധായകന് ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു.മഞ്ജുവിനൊപ്പം നിന്നതിന്റെ പേരിലാണ് തനിക്കെതിരേ ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദം. തിരിച്ചുവരവില്‍ മഞ്ജുവിന് സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത ഒരാളെന്ന നിലയില്‍ ഇപ്പോള്‍ വ്യക്തിപരമായി തന്നെ തനിക്കെതിരെയും സിനിമയ്ക്കെതിരേയും നടക്കുന്ന ആക്ഷേപങ്ങളില്‍ മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് രംഗത്തു വരേണ്ടതാണെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞിരുന്നു.