മലയാള സിനിമ തന്നെ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമാണിപ്പോള്‍. അതിജീവിതയുടേത് മാത്രമല്ല, അവള്‍ക്കൊപ്പം നിന്ന മഞ്ജുവാര്യരുടെ കൂടി പോരാട്ടത്തിന്റെ കൂടി ഫലമാണ് നിലവില്‍ താരരാജാക്കാന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍. എങ്കിലും അതിനൊടൊന്നും നേരിട്ട് പ്രതികരിച്ചിട്ടില്ലാത്ത മഞ്ജുവിനെ തേടി ഒരു അപ്രതീക്ഷിത വേര്‍പാടിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മഞ്ജുവെന്ന നടിയെ കണ്ടെത്തിയ, അവളെ മലയാളത്തിന് സമ്മാനിച്ച പ്രതിഭയുടെ വേര്‍പാട് ആണത്. അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്ര വേദനയിലാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
സാക്ഷ്യമാണ് എന്റെ അഭിനയജീവിതത്തിന്റെ ആദ്യ അധ്യായം. അതിന്റെ സംവിധായകനായ മോഹന്‍ സാറായിരുന്നു ആദ്യ ഗുരുനാഥന്‍. മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ മുന്‍നിരക്കാരില്‍ ഒരാളായ അദ്ദേഹത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പില്‍ക്കാലത്ത് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട എന്നാണ് വേദനയോടെ മഞ്ജു വാര്യര്‍ കുറിച്ചത്.
1995ലാണ് മഞ്ജു വാരിയരെ ആദ്യമായി മലയാള സിനിമയ്ക്ക് മോഹന്‍ പരിചയപ്പെടുത്തിയത്. സാക്ഷ്യം എന്ന സിനിമയിലൂടെ. അന്നു മുതല്‍ സ്വന്തം പിതാവിന്റെ സ്ഥാനത്തും ഗുരുനാഥന്റെ സ്ഥാനത്തും തന്നെയാണ് മഞ്ജു കണ്ടിരുന്നത്. അമ്മ പറഞ്ഞ വാക്കുകളിലൂടെയും ഓര്‍മ്മകളിലൂടെയുമാണ് മീനാക്ഷിയും അദ്ദേഹത്തെ കുറിച്ചറിഞ്ഞത്. പിന്നീട് മഞ്ജുവാര്യര്‍ സല്ലാപത്തിലൂടെ നായികയായി എത്തിയപ്പോള്‍ മോഹന്റെ പൂര്‍ണ അനുഗ്രഹവും തേടിയായിരുന്നു ആ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാരിയര്‍ നായകനായ ക്യാംപസ് എന്ന സിനിമ ഒരുക്കിയതും മോഹനാണ്.
പക്ഷെ, ആ ചിത്രം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം താണ്ടിയ ഉയരങ്ങള്‍ക്ക് യോജിച്ചതായില്ല. മലയാള സിനിമ കണ്ട അതിമനോഹരമായ ഒരു പ്രണയകാവ്യം ഊട്ടിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. സുമലതയും ബാലചന്ദ്രമേനോനും അഭിനയിച്ച ഇസബല്ല. തീര്‍ത്ഥം, ശ്രുതി എന്നിങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ പോലും മോഹന്റെ കയ്യൊപ്പുണ്ടായിരുന്നു. 19 വര്‍ഷം മുന്‍പ് ചെയ്ത ക്യാംപസായിരുന്നു മോഹന്റെ അവസാന ചിത്രം. എന്നാല്‍ പുതിയ കാലം തന്നെ ഉള്‍ക്കൊളളുന്നില്ല എന്ന് തിരിച്ചറിഞ്ഞ മോഹന്‍ ക്രമേണ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.
നടിയും നര്‍ത്തകിയുമായ അനുപമയെ അദ്ദേഹം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അവര്‍ പിന്നീട് അഭിനയം നിര്‍ത്തി വീട്ടമ്മയായി ഒതുങ്ങിക്കൂടി. കെ.ജി.ജോര്‍ജിനെ പോലെ തന്നെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അദ്ദേഹത്തിന് നാളിതുവരെ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ല.