നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നത്.
കെയര്‍ ആന്‍ഡ് ഷെയറിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറായ ഡോ. സിറിയക്ക് തോമസ് നിര്‍വഹിച്ചു. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു മാരക വിപത്താണ് ലഹരിയും അതിന്റെ ഉപയോഗവും. ഇങ്ങനെ ഒരു പ്രതിസന്ധിയിലാണ് മമ്മൂട്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും മുന്നോട്ടുവന്ന് വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വഴികാട്ടിയുടെ കീഴിലുള്ള 'തോക്ക് ടു മമ്മൂക്ക' എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൗണ്‍സിലിംഗ് പോലെയുള്ള ആവശ്യങ്ങള്‍ ഒരു ഹെല്‍പ്പ് ലൈനിലൂടെ നമ്മുക്ക് അറിയിക്കാവുന്നതാണ്.
വഴികാട്ടിലൂടെ അതിലുപരിയായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വിവിധ സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തിവരികയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. വിവിധ പദ്ധതികളിലൂടെ കുട്ടികള്‍ക്കായുള്ള സൗജന്യ റോബോട്ടിക് സര്‍ജറി, സൗജന്യ ഹൃദയ വാല്‍വ് സര്‍ജറി, സൗജന്യ വൃക്ക ട്രാന്‍സ്പ്ലാന്റേഷന്‍, വിവിധങ്ങളായ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നു. കേരള ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ പുതിയ പദ്ധതികള്‍ രൂപീകരിച്ച് സഹായിക്കാന്‍ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സാധിക്കട്ടെ എന്നും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും മുന്‍ വൈസ് ചാന്‍സിലര്‍ പറഞ്ഞു.
മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ റവ. ഡോ മാത്യു ആനത്താരക്കല്‍ സി എം ഐ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി. ശ്രീരാമകൃഷ്ണ മഠം മേധാവി ബ്രഹ്മശ്രീ വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. മിനി മാത്യു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസാ മേരി പിജെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മരിയന്‍ കോളേജ് കുട്ടിക്കാനം മുന്‍ പ്രിന്‍സിപ്പല്‍ ഡോ റൂബിള്‍ രാജ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.