രാജ്യാന്തര ചലച്ചിത്രാല്‍സവത്തില്‍ മമ്മൂട്ടിക്കും പേരന്‍പിനും ഹൃദയം നിറഞ്ഞ വരവേല്‍പ്പ്. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിദേശ പ്രതിനിധികളെ അടക്കം അമ്പരപ്പിച്ചു. സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ കൂടിയായിരുന്നു ഇന്നലെ നടന്നത്. സിനിമ അവസാനിച്ചപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ഡെലിഗേറ്റുകള്‍ അണിയറപ്രവര്‍ത്തകരെ സ്വീകരിച്ചത്. സിനിമയുടെ സംവിധായകന്‍ റാം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഷോയായിരുന്നു ഇന്നലെ ഇഫിയില്‍. ചിത്രം കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകനായ സഫറാസ് അലി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അഭിനയത്തോടുള്ള മമ്മൂട്ടിയുടെ ആസക്തിയുടെ പരകോടിയാണ് അമുദവനെന്ന കഥാപാത്രമെന്ന് സഫറാസ് എഴുതുന്നു.
മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് കോംപ്ലെക്‌സിലെ സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.45നായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. എന്നാല്‍ 9.15 ഓടെയാണ് ചിത്രം ആരംഭിക്കാനായത്. തൊട്ടുമുന്‍പ് ഇതേ സ്‌ക്രീനില്‍ നടന്ന ഷോ കഴിയാന്‍ താമസിച്ചതായിരുന്നു കാരണം. സിനിമ കാണുന്നതിനായി മണിക്കൂറുകള്‍ക്കു മുമ്പേ നീണ്ട നിര ഉണ്ടായിരുന്നു.കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പേരന്‍പിന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ കഴിഞ്ഞിരുന്നു. ഷാങ്ഹായിലായിരുന്നു ഏഷ്യന്‍ പ്രീമിയര്‍. പ്രദര്‍ശനം നടന്നിടത്തെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നത്.
സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ വേഷമാണ് അമുദന്‍ എന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ദേശീയ പുരസ്‌കാര ജേതാവായ റാം 'തരമണി' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് പേരന്‍പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഷോയായിരുന്നു ഇന്ന് ഇഫിയില്‍. തീവ്രമായ പ്രമേയം, മനോഹരമായ ആഖ്യാനം. ബന്ധങ്ങളുടെ തീവ്രതയെ വാറ്റി പാകപ്പെടുത്തി അത്രമേല്‍ ലഹരിയോടും ലാവണ്യാത്മകമായും ആവിഷ്‌കരിച്ചിരിക്കുന്നു. റാമിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ മമ്മൂട്ടിയിലെ നടനവിസ്മയത്തില്‍ മാറ്റുരയ്ക്കുന്ന 'പേരന്‍പ് ' പ്രേക്ഷകന് അവിസ്മരണീയാനുഭൂതിയാണ് പകരുന്നത്. ഉപരിതലത്തില്‍ ശാന്തമായൊഴുകുന്ന പുഴ പോലെയാണ് സിനിമയുടെ തിരക്കഥ. സിനിമയിലുടനീളവും തീര്‍ന്നശേഷവും അഗാധതയിലെ അടിയൊഴുക്കില്‍ നാം അകപ്പെടുകയാണ്. പ്രകൃതിയുടെ നാനാത്വത്തില്‍ ജീവിതത്തിന്റെ ഏകത്വം വിഭാവനം ചെയ്യുന്ന പന്ത്രണ്ട് ഖണ്ഡങ്ങളിലായാണ് കഥ പറയുന്നത്. നായകനായ അമുദവനാണ് (മമ്മൂട്ടി ) നരേറ്റര്‍. അയാളുടെയും ഓട്ടിസം ബാധിച്ച പാപ്പ (സാധന) എന്ന പതിനാലുകാരി മകളുടേയും ഉര്‍വരതയുടേയും ജീവനത്തിന്റേയും പലായനങ്ങളുടെ വൈകാരിക പ്രതിഫലനമാണ് സ്‌ക്രിപ്റ്റില്‍. ദൃശ്യഭാഷയിലും സംഭാഷണത്തിലും പാലിച്ച പാകത ഇവിടെ പ്രധാനമാണ്.
അമുദവനായി ജീവിച്ച മമ്മൂട്ടിയുടേത് ഭാവതീവ്രവും അസാധാരണവുമായ പ്രകടമാണ്. അഭിനയത്തോടുള്ള അയാളുടെ ആസക്തിയുടെ പരകോടിയാണീ ക്യാരക്റ്റര്‍. നിസ്സഹായനായ വെറും അച്ഛനില്‍ നിന്നാണ് അമുദവന്‍ പ്രതിസന്ധികളെ പൂപോലെ പിഴുതെറിയുന്നത്. തനിക്ക് തീര്‍ത്തും അപരിചിതമായ മകളുടെ മനോഘടനയിലേക്ക് സങ്കീര്‍ണമായും അനായാസമായും ദ്രുതഗതിയില്‍ ഇറങ്ങിചെല്ലുന്ന സീക്വന്‍സുകളില്‍ ആ കഥാപാത്രത്തോട് നാം വേഗത്തില്‍ ഹൃദയബന്ധത്തിലാകും. അകപ്പെട്ട നിസ്സഹായതയുടെ പന്ഥാവിനിടയില്‍ അയാളിലെ അച്ഛനുണ്ടാക്കുന്ന (അഭിനയത്തിന്റെ ) പരിചിതമായ ഊടുവഴികളില്‍ നമ്മള്‍ ഏതെങ്കിലും തരത്തില്‍ / അവസ്ഥയില്‍ അമുദവനാകും. വലിയ ഇടവേളയെടുത്താണ് മമ്മൂട്ടി മനസ്സിനെയിങ്ങനെ പിടിച്ചുലയ്ക്കുന്നത്!
( അമുദവന്‍ ചെയ്യാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്ന് സിനിമയ്ക്ക് ശേഷമുള്ള ചര്‍ച്ചയില്‍ റാം തുറന്നു പറഞ്ഞു. അഭിപ്രായ പ്രകടനങ്ങള്‍ക്കിടയില്‍, മമ്മൂട്ടിയെ നായകനാക്കിയതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മലയാളി ഡെലിഗേറ്റിനോട് മമ്മൂട്ടി നിങ്ങള്‍ മലയാളികളുടെ പ്രോപ്പര്‍ട്ടിയല്ലെന്നും ഇന്ത്യന്‍ സിനിമയുടെ പൊതു സ്വത്താണെന്നും ഒരു സൗത്തിന്ത്യന്‍ ദേഷ്യപ്പെട്ടു ) യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം എടുത്തു പറയണം. പ്രമേയത്തിന്റെ ഭാവത്തെ ഒരു പഞ്ഞിക്കെട്ടു പോലെ പറത്തുന്ന ബീജീ യെമ്മാണ് പടമുടനീളം. തേനി ഈശ്വറിന്റെ വശ്യമായ ഫ്രെയിമുകളില്‍ നിന്ന് കണ്ണുപറിയില്ല. പ്രകൃതിയുടെ ആന്തോളജിക്കിടയില്‍, ആദ്യ പകുതിയില്‍ എക്‌സ്ട്രീം ലോങ്ങ് / വൈഡ് ഷോട്ടുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ ഒബ്ജക്ട് മാത്രമാകുന്ന അത്തരം സന്ദര്‍ഭങ്ങളാണ് സംവിധായകന്റെ ഐഡിയല്‍ കഥാപശ്ചാത്തലമാകുന്നത്. നഗരം കേന്ദ്രീകരിക്കുന്ന രണ്ടാം പകുതി ക്ലോസപ്പുകളും മിഡുകളും ചേര്‍ത്ത് കഥാപാത്രത്തിലേക്ക് കഥയെ തിരിച്ചിറക്കുകയാണ്.
മീരയായി എത്തുന്ന അഞ്ജലി അമീര്‍ അിഷമഹശ അാലലൃ മികച്ച പ്രകടനമാണ് നടത്തിയത്. ട്രാന്‍സ് സെക്ഷ്വല്‍ വേഷം അവരുടെ കയ്യില്‍ ഭദ്രമാണ്. സിനിമയില്‍ സ്ത്രീ പ്രതിനിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഊര്‍ജ്ജവും ആത്മവിശ്വാസവും പ്രസരിപ്പിക്കാന്‍ ഈ കഥാപാത്രത്തിലൂടെ സംവിധായകന്‍ നടത്തുന്ന ശ്രമം ശ്ലാഘനീയവും പുരോഗമനപരവുമാണ്. ഊന്നുന്നത് ഇത്രമാത്രമാണ്, 'മനുഷ്യന്‍ ഹാ എത്ര മനോഹര പദം' എന്നോര്‍മിപ്പിക്കുന്നൊരു സിനിമയിതാ...
പേരന്‍പ് എന്നാല്‍ രീാുമശൈീി എന്നാണര്‍ത്ഥം.