Latest News

മാന്യമായ സദസിന് മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം; ചില നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോള്‍ ഇവര്‍ക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ട്;പാശ്ചാത്യരാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള ഒരു വാസന ഉണ്ട്; സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മല്ലിക സുകുമാരന് പറയാനുള്ളത്

Malayalilife
മാന്യമായ സദസിന് മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം; ചില നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോള്‍ ഇവര്‍ക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ട്;പാശ്ചാത്യരാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള ഒരു വാസന ഉണ്ട്; സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മല്ലിക സുകുമാരന് പറയാനുള്ളത്

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള സെലിബ്രിറ്റി നടിമാരുടെ വേഷവിധാനം സമീപകാലത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ബോബി ചെമ്മണ്ണൂര്‍-ഹണി റോസ് വിവാദ സമയത്ത് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ ചര്‍ച്ചകളില്‍ പ്രധാനവും ഇതായിരുന്നു.ഇപ്പോഴിതാ നടിമാരുടെ വേഷവിധാനത്തെ കുറിച്ചും കേരളത്തില്‍ വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള  നടി മല്ലിക സുകുമാരന്റെ  നിലാപാട് ആണ് ശ്രദ്ധേയമാകുന്നത്. കൗമുദി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മല്ലിക തന്റെ നിലപാടുകള്‍ പങ്ക് വച്ചത്.

സ്ത്രീ ശാക്തീകരണം എവിടെനിന്ന് തുടങ്ങണം. അതാണ് ആദ്യം ചര്‍ച്ചചെയ്യേണ്ട ഒരു കാര്യം. ഇത് സ്ത്രീകളില്‍ നിന്നുതന്നെ തുടങ്ങണം. സ്വന്തം മക്കളെ തന്റെ കൈക്കുള്ളില്‍ ഒതുക്കി നിര്‍ത്തി നല്ല കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാനും വേണ്ടാത്തതിനെ തിരസ്‌കരിക്കാനുമൊക്കെ ഉപദേശം കൊടുത്ത് അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ അമ്മമാര്‍ ഭയപ്പെടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കഷ്ടമാണത്. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നതില്‍ ഞാന്‍ ഒരിക്കലും രാഷ്ട്രീയം പറയില്ലൈന്നും നടി പറയുന്നു.

കഴിഞ്ഞ അഞ്ച്, എട്ട് കൊല്ലമായി നമ്മള്‍ പലതും കേള്‍ക്കുന്നു, മാധ്യമങ്ങളിലൂടെ അറിയുന്നു... പാശ്ചാത്യ രാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റി നിര്‍ത്തികൊണ്ട് മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള വാസന സ്ത്രീകളിലും പുരുഷന്മാരിലും വലിയ തോതിലുണ്ട്. ഒരു വിഭാ?ഗം ആളുകള്‍ പാശ്ചാത്യ സംസ്‌കാരങ്ങളില്‍ നിന്നും കൂടുതല്‍ അടര്‍ത്തി എടുക്കുന്നത് വേഷവിധാനമാണോയെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ വീട്ടില്‍ അടക്കം എല്ലായിടത്തും ഇക്കാര്യം ഞാന്‍ പറയാറുണ്ട്.

മാന്യമായ ഒരു സദസിന് മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം... എനിക്ക് വളരെ അടുത്ത് അറിയാവുന്ന മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരുപിടി നായികമാര്‍ പണ്ട് പട്ടുപാവടയും സാരിയും ഹാഫ് സാരിയുമൊക്കെ ഇട്ട് നടന്നിരുന്നവരായിരുന്നു. ഇപ്പോള്‍ പൊതുവേദികളില്‍ വരുമ്പോഴുള്ള അവരുടെ വേഷവിധാനം കാണുമ്പോള്‍ ഒരു മിനിറ്റ് ഞാനും നോക്കാറുണ്ട്. എന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാമെന്ന് തോന്നാറുണ്ട്. അതുപോലെ മദ്യപാനം സ്ത്രീകളില്‍ കൂടിയതായി മാധ്യമങ്ങളിലൂടെ വായിച്ച് അറിഞ്ഞു. അതിന്റെ സര്‍വേയ്ക്ക് ഞാന്‍ പോയിട്ടില്ല. പക്ഷെ ചിലത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് തോന്നാറുണ്ട്. അതുപോലെ കുട്ടികളുടെ മനസില്‍ ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.

മാതാപിതാക്കള്‍ക്ക് തന്നോടാണോ അതോ തന്റെ സഹോദരങ്ങളോടാണോ ഇഷ്ടം എന്നുള്ളതുമായി ബന്ധപ്പെട്ടുള്ളതാണ് അത്. അതുകൊണ്ടാണ് പറയുന്നത് കുട്ടികള്‍ക്കുള്ള ബാലപാഠങ്ങള്‍ മനസിലാകുന്ന ഭാഷയില്‍ കൃത്യമായി മാതാപിതാക്കള്‍ പറഞ്ഞ് കൊടുക്കണമെന്ന്. മാതാപിതാക്കള്‍ തമ്മില്‍ വഴക്ക് അടിച്ചിട്ട് കുട്ടികളോട് വഴക്കിടരുതെന്ന് പറഞ്ഞിട്ടും കാര്യമില്ല. അതുപോലെ ഇന്ന് അധ്യാപകരൊന്ന് ശാസിച്ചാലോ ശിക്ഷിച്ചാലോ കുട്ടികള്‍ അവര്‍ക്ക് നേരെ തിരിഞ്ഞ് നില്‍ക്കുകയാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. സിനിമകളിലെ വയലന്‍സിനെ കുറിച്ചും താരം സംസാരിച്ചു. കായകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയുമൊക്കെ ഉണ്ടായത് സിനിമയില്‍ നിന്നാണോ?. അവരുടെ കഥ പിന്നീട് സിനിമയായതാണ്. ഒരു അധ്യാപകന്റെ കൈവെട്ടി ദുരെ എറിഞ്ഞു... അത് സിനിമ കണ്ടിട്ടാണോ?. എത്രയോ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നു. അതൊക്കെ സിനിമ കണ്ടിട്ടാണോ?. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന കണ്ടന്റാണ് എഴുത്തുകാര്‍ സിനിമയാക്കുന്നത്.

എന്ന് കരുതി സിനിമയില്‍ വയലന്‍സ് വേണമെന്ന് അഭിപ്രായം എനിക്കില്ല. അത് ആവശ്യത്തിന് മതി. കൂടുതല്‍ വേണ്ട. സിനിമകള്‍ ആളുകളെ സ്വാധീനിക്കുമായിരുന്നു വെങ്കില്‍ നല്ല കഥകളുള്ള എത്രയോ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. അവരൊന്നും അടിയും പിടിയും സിനിമയില്‍ കാണിച്ചിട്ടില്ല. എന്നിട്ട് എത്രപേര്‍ ഇവിടെ നന്നായി? എന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്.

mallika sukumaran shared opinion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES