അമരമെന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് മാതു. മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ചിത്രത്തില്‍ താരത്തിന്റെ മകളായിട്ടാണ് മാതു അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കകെ സജീവമായിരുന്നു ഈ അഭിനേത്രി. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരം വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന് അടുത്തിടെ വാര്‍ത്ത എത്തിയിരുന്നു. അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് ഈ താരം തിരിച്ചുവരുന്നത്. സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്ത് തനിക്ക് ശരിക്കും മിസ്സിങ്ങ് അനുഭവപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.
മാധവി എന്നായിരുന്നു തന്റെ യഥാര്‍ത്ഥ പേരെന്നും ആ പേരില്‍ ഒരു അഭിനേത്രിയുള്ളതിനാല്‍ നെടുമുടി വേണുസാര്‍ മാതുവാക്കുകയായിരുന്നുവെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാതു കാര്യങ്ങള്‍ പങ്കുവെച്ചത്. എന്‍ടി ആറിന്‍രെ മാനേജരായിരുന്നു അച്ഛന്‍. കുറച്ച് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അമ്മയായിരുന്നു തന്റെ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. അമരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങളാണ് മനസ്സിലേക്ക് ഓടിവരുന്നതെന്നും. കടല്‍ത്തീരത്തുള്ള ചിത്രീകരണമൊക്കെ താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും മാതു പറയുന്നു. മമ്മൂട്ടിക്കും ഭരതനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. സിനിമയില്‍ നിന്നും അവസരം തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. കുടുംബജീവിതത്തിനായിരുന്നു ആ സമയത്ത് കൂടുതല്‍ പ്രാധാന്യം. ഇപ്പോള്‍ മക്കളൊക്കെ വലുതായെന്നും താരം പറയുന്നു. രാജീവ്നാഥാണ് അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രമൊരുക്കുന്നത്. അമേരിക്കയിലാണ് സിനിമയുടെ ചിത്രീകരണം. ഇത് തനിക്ക് സഹായകമാണെന്നും വീട്ടില്‍ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ലെന്നും താരം പറയുന്നു.
വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന മാതു ആദ്യം വിവാഹം ചെയ്തത് ഡോക്ടര്‍ ജേക്കബിനെയാണ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ജെയ്മിയും ലൂക്കും. കുട്ടികള്‍ക്കൊപ്പം ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. നാല് വര്‍ഷങ്ങളിലേറെയായി മാതു ആദ്യ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട്. പിന്നീടാണ് തമിഴ്നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജുമായി മാതുവിന്റെ രണ്ടാം വിവാഹം നടന്നത്.