Latest News

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി

Malayalilife
 ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യു സി സി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തം ആയെന്ന് ഡബ്ല്യു സി സിയുടെ അഭിഭാഷക സുപ്രീം കോടതിയില്‍ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ഡിസംബര്‍ 10-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ്മാരായ വിക്രം നാഥ്, പി. വാരാലെ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും, കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും ആയിരുന്നു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നടി മാലാ പാര്‍വതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് എസ്‌ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയത്. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരേ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. സമാനമായ ഹര്‍ജി ആയതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജിയിലും നോട്ടീസ് അയക്കണമെന്ന് അവരുടെ അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഡബ്ല്യു.സി.സി.ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഹരിപ്രിയ പദ്മനാഭന്‍ ശക്തമായി എതിര്‍ത്തു. അന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അപ്രസക്തം ആയെന്ന് ഹരിപ്രിയ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും, സംസ്ഥാന വനിത കമ്മീഷനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി.യും സുപ്രീം കോടതിയില്‍ എത്തുന്നത്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ പരമേശ്വര്‍, അഭിഭാഷകരായ എ കാര്‍ത്തിക്, ആബിദ് അലി ബീരാന്‍, സൈബി ജോസ് കിടങ്ങൂര്‍ എന്നിവര്‍ ഹാജരായി.

mala paravathy in court

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES