Latest News

സൗബിനെ അടുത്ത ആഴ്ച ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? 

Malayalilife
 സൗബിനെ അടുത്ത ആഴ്ച ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? 

ടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ കുരുക്കിലേക്ക്. മഞ്ഞുമ്മല്‍ ബോയ്‌സ് 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്‍, ആദായ നികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്ന 44 കോടി രൂപ അടച്ചില്ല. സിനിമ നിര്‍മ്മിക്കുന്നതിന് ചെലവായി കാണിച്ച 32 കോടി രൂപ കള്ളക്കണക്കാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

എസ്.ആര്‍.എം. റോഡിലെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച സൗബിന്റെ സ്ഥാപനമായ പറവ ഫിലിംസില്‍ പരിശോധന 14 മണിക്കൂറോളം കഴിഞ്ഞ് രാത്രിയാണ് അവസാനിച്ചത്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന. 24 മണിക്കൂറിനിടെ രണ്ട് തവണയാണ് സൗബിന്റെ വീട്ടില്‍ പരിശോധന നടന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന നടന്നത്. ഇതിനു പുറമെ, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇരു സിനിമാ നിര്‍മ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നതെന്ന് ആഭ്യന്തര നികുതി അന്വേഷണ വിഭാഗം അറിയിച്ചിരുന്നു. സൗബിനെ അടുത്ത ആഴ്ച ചോദ്യം ചെയ്യും. കേസില്‍ ഇഡിയും നിലപാട് കടുപ്പിക്കും. അങ്ങനെ വന്നാല്‍ സൗബിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിന്‍ ഷാഹിറില്‍ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പറവ ഫിലിംസ് നിര്‍മിച്ച മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു ആലപ്പുഴ അരൂര്‍ സ്വദേശിയുടെ പരാതി.

140 കോടിയോളം രൂപയാണ് മഞ്ഞുമ്മല്‍ ബോയ്സില്‍ നിന്നുള്ള വരുമാനം. എന്നാല്‍ നികുതിയിനത്തില്‍ അടയ്ക്കേണ്ട 40 കോടിയോളം രൂപ അടച്ചില്ലെന്നാണ് കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നും സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാല്‍ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ഥമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് പിന്നീട്് സെറ്റില്‍ ചെയ്യുകയാണ് ഉണ്ടായി. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.


കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ ഗുണാ കേവ് എന്ന ഗുഹയില്‍ കൂട്ടത്തില്‍ ഒരാള്‍ അകപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം. ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

manjummel boys movie cheating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക