സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് രഞ്ജു രഞജിമാറിന്റെ വീട്ടുവിശേഷങ്ങളാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ ജനിച്ച് വളര്‍ന്ന വീടിനെ കുറിച്ചും ഇപ്പോഴത്തെ സ്വപ്‌നഭവനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്.
'കൊല്ലം ജില്ലയിലെ പേരൂരാണ് എന്റെ സ്വദേശം. ഒരു ഓലപ്പുരയായിരുന്നു ഞാന്‍ ജനിച്ചു വളര്‍ന്ന വീട്. അച്ഛന്‍, അമ്മ, ചേച്ചി, ചേട്ടന്‍. ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. പാടത്തിന്റെ വരമ്പിലായിരുന്നു ഞങ്ങളുടെ കൊച്ചുവീട്. അതിനാല്‍ ഓരോ മഴക്കാലവും ഞങ്ങള്‍ക്ക് പേടിപ്പെടുത്തുന്ന ഓര്‍മകളായിരുന്നു. ഒന്ന് മേല്‍ക്കൂര ചോര്‍ന്ന് വീടിനുള്ളില്‍ വെള്ളം കയറും. ഞങ്ങള്‍ പാത്രങ്ങള്‍ അടുക്കിവച്ച് രാത്രിയില്‍ ഉറങ്ങാതെ ഇരിക്കും. മിക്ക മഴക്കാലത്തും ഞങ്ങള്‍ അഭയാര്‍ഥികളായി സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരിക്കും. മനസ്സില്‍ വലിയ വേദനയോടെയാണ് ഓരോ മഴക്കാലവും വീട്ടില്‍ നിന്നും ക്യാംപിലേക്ക് ഇറങ്ങുക. ഇനി എന്നാണ് ഞങ്ങള്‍ക്ക് ചോരാത്ത, വെള്ളം കയറാത്ത, അടച്ചുറപ്പുള്ള ഒരു വീട് ലഭിക്കുക എന്ന് ഞാന്‍ വേദനയോടെ ആലോചിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കൊച്ചിയിലേക്ക് പുതിയ ജീവിതപ്രതീക്ഷകളുമായി ചേക്കേറി. ഒരു ചെറിയ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ജോലി ചെയ്തു കിട്ടുന്ന ഓരോ രൂപയും ഞാന്‍ സ്വരുക്കൂട്ടി വച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്റെ സമ്പാദ്യം കൊണ്ട് ഞാന്‍ ചേച്ചിയെ വിവാഹം ചെയ്തയച്ചു. വീട്ടിലെ ദാരിദ്ര്യത്തിന്റെ പശ്ചാത്തലം മാറ്റാന്‍ എന്നെക്കൊണ്ട് സാധിച്ചു. കുറച്ചു വര്‍ഷങ്ങള്‍ കടന്നുപോയി. അപ്പോഴാണ് കൊല്ലത്തെ എന്റെ കുടുംബവീടിനു സമീപമുള്ള വീടും സ്ഥലവും വില്‍ക്കാനുണ്ട് എന്ന് കേള്‍ക്കുന്നത്. അങ്ങനെ കയ്യിലെ അവസാന സമ്പാദ്യവും ചെലവഴിച്ചാണ് ഞാന്‍ ആ വീട് വാങ്ങുന്നത്. വെറുതെ പറയുന്നതല്ല, അന്ന് സ്വരുക്കൂട്ടിയ പൈസയില്‍ എന്റെ വീട്ടിലുണ്ടായിരുന്ന ഒരു രൂപ പോലും ഉണ്ടായിരുന്നു. ആ വീട് വാങ്ങിയതിനുപിന്നില്‍ എനിക്ക് പണ്ടുണ്ടായ ഒരു മോശം അനുഭവത്തിന്റെ പ്രതികാരവും ഉണ്ടായിരുന്നു. അങ്ങനെ മധുരപ്രതികാരം പോലെ വാങ്ങിയ ആ വീട് ഞാന്‍ പിന്നീട് നവീകരിച്ചു. 2000 ചതുരശ്രയടിയുള്ള അത്യാവശ്യം സാഹചര്യങ്ങളുള്ള ഒരു വീടാക്കിമാറ്റി.
ഇപ്പോള്‍ താമസിക്കുന്നത് കൊച്ചി വിമാനത്താവളത്തിന് സമീപം കവരപ്പറമ്പിലുള്ള വാടകവീട്ടിലാണ്. അഞ്ചു കിടപ്പുമുറികള്‍, രണ്ടു മൂന്ന് സ്വീകരണമുറികള്‍, വിശാലമായ ഹാള്‍, കിച്ചന്‍, ഏഴെട്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തില്‍ സ്പേസൊക്കെ വീട്ടിലുണ്ട്. ഇത്രയും വലിയൊരു വീട് എടുക്കാന്‍ കാര്യമുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഇപ്പോള്‍ തന്റെ സ്വപ്‌ന വീടിന്റെ പണിപ്പുരയിലാണ്. പുതിയ വീടിനെ സങ്കല്‍പങ്ങള്ും അഭിമുഖത്തില്‍ പറയുന്നുണ്ട്. 10000 ചതുരശ്രയടിയുള്ള ഒരു വീടായിരിക്കുമത്. സ്വന്തമായി വീട് പണിയുന്നതിന് മുന്നോടിയായി അത്തരം ഒരു വീട്ടില്‍ താമസിക്കുന്നതിന്റെ അനുഭവം മനസ്സിലാക്കാനാണ് ഞാന്‍ വലിയ വീട് വാടകയ്ക്ക് എടുത്തത്. താമസിയാതെ എന്റെ സ്വപ്നഭവനം ഞാന്‍ സഫലമാക്കുമെന്നും താരം അഭിമുഖത്തില്‍ പറയുന്നു.