സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രശസ്ത കന്നഡ സംവിധായകന്‍ കിരണ്‍രാജിന്റെ പേരില്‍ മാല പാര്‍വതിയ്ക്ക് വ്യാജ ഫോണ്‍ കോള്‍. ഇന്ത്യയിലാകെ വിജയമായ '777 ചാര്‍ളി' എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് കിരണ്‍രാജ്. കിരണിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് ആവശ്യപ്പെട്ട്, കിരണ്‍രാജ് എന്നു പരിചയപ്പെടുത്തിയ ഒരാള്‍ മാലാ പാര്‍വതിയെ നിരന്തരം ഫോണില്‍ വിളിക്കുകയായിരുന്നു. ഇക്കാര്യം മാലാ പാര്‍വ്വതി തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ പുറത്ത് വിട്ടത്.
തന്നോട് പതിനെട്ട് ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്നും സംശയം തോന്നിയത് കൊണ്ട് കിരണ്‍ രാജിനെ നേരിട്ട് വിഷയത്തില്‍ ഇടപെടുത്തിയതിനാല്‍ കയ്യോടെ തട്ടിപ്പ് പിടികൂടിയെന്നും മാലാ പാര്‍വതി കുറിച്ചു.
തന്നെ വിളിച്ചത് കിരണ്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ '777 ചാര്‍ളി'യുടെ സൗണ്ട് ഡിസൈനറും പരിചയക്കാരനുമായ എം.ആര്‍. രാജാകൃഷ്ണനെ വിളിക്കുകയായിരുന്നു മാല പാര്‍വതി. രാജാകൃഷ്ണന്‍ വഴി ഈ വിഷയം കിരണ്‍രാജ് അറിഞ്ഞതോടെ മാല പാര്‍വതിയെ വിളിച്ചത് വ്യാജനാണെന്ന് വ്യക്തമാവുകയായിരുന്നു. പിന്നാലെ കിരണ്‍രാജിന്റെ നിര്‍ദേശ പ്രകാരം വ്യാജനെ കോണ്‍ഫറന്‍സ് കോളില്‍ ബന്ധിപ്പിച്ചുകൊണ്ട് മാലാ പാര്‍വതി കള്ളി പൊളിക്കുകയായിരുന്നു.
''മാലാ മാഡം കോണ്‍ഫറന്‍സ് കോളില്‍ എന്നെയും കണക്ട് ചെയ്ത് തട്ടിപ്പുകാരനോട് സിനിമയുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടു. അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ഇടപെടുകയും അയാള്‍ ആരാണെന്നും ഉദ്ദേശ്യമെന്താണെന്നും ചോദിച്ചു. കെണി മനസ്സിലായ അയാള്‍ കോള്‍ കട്ട് ചെയ്ത് ഫോണ്‍ സ്വിച് ഓഫ് ചെയ്തു. ഫോണ്‍ കോള്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്'' എന്നാണ് സംഭവത്തെക്കുറിച്ച് കിരണ്‍ രാജ് പറയുന്നത്.
'ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഇത് എനിക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് കിരണ്‍ പറയുന്നത്. മാല പാര്‍വതി മാഡം വളരെ ശക്തമായിത്തന്നെ ഈ പ്രശ്നത്തെ നേരിട്ടു. പക്ഷേ ഇത്തരം തട്ടിപ്പുകാരുടെ കുടുക്കില്‍ നിരവധി ചെറുപ്പക്കാര്‍ വീഴുമോ എന്ന് ഭയമുണ്ടെന്നും കിരണ്‍ പറയുന്നുണ്ട്. ഈ അജ്ഞാതന്‍ ഇതുപോലെ പലരെയും പറ്റിച്ചിട്ടുണ്ടാകാമെന്നും കിരണ്‍രാജ് ആശ പങ്കുവെക്കുന്നുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് മാല പാര്‍വതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.