ആട് പുലിയാട്ടത്തിന് ശേഷം ജയറാമും കണ്ണന്‍താമരക്കുളവും കൈകോര്‍ത്ത് പട്ടാഭിരാമന്‍.നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാമിന് ലഭിച്ച മികച്ച കഥാപാത്രം എന്നൊക്കെ പറഞ്ഞാലും തരക്കേടില്ല. അത്തരത്തില്‍ തന്നെ വളരെ ആനുകാലികമായ ഒരു കഥയും ശക്തമായ കഥാപാത്ര സൃഷ്ടിയിലൂടെയും പരിധിക്ക് മുകളിലുള്ള വിജയമാണ് പട്ടാഭിരാമന്‍. ദിനേഷ് പള്ളത്ത് രചിച്ച് കണ്ണന്‍താമരക്കുളം സംവിധാനം ചെയ്ത ചിത്രം മുന്‍ ചിത്രങ്ങളെ തട്ടിച്ച് നോക്കിയാല്‍ മേന്മ പുലര്‍ത്തുന്ന ക്രാഫ്റ്റിങ് തന്നെയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ റോളിലെത്തുന്ന ജയറാമിന്റെ കഥാപാത്രം മുതല്‍ ഓരോത്തര്‍ക്കും കൃത്യമായി അഡ്രസ് ചെയ്യുന്ന കഥാപാത്രങ്ങള്‍ സിനിമയുടെ എടുത്ത് പറയേണ്ട ഘടകങ്ങള്‍ തന്നെ.
കഥയിലേക്ക് കടന്നെത്തിയാല്‍ മുപ്പതിന് മുകളില്‍ പ്രായമെത്തിയ പട്ടാഭിരാമനെന്ന അയ്യര്‍പരമ്പരയിലെ യുവാവായി ജയറാം എത്തുന്നു. ദാമ്പത്യ ജീവിത സങ്കല്‍പത്തില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ 42-ാമത്തെ പെണ്ണുകാണുന്ന വേളയിലും പെണ്ണിനോട് ചോദിക്കുന്ന ചോദ്യം, രസം ഉണ്ടാക്കാന്‍ അറിയാമോ എന്നൊക്കെ. ഇത്തരത്തില്‍ രസകരമായ തുടക്കം. പട്ടാഭിരാമന്‍ നല്ല പാചകക്കരാനാണ് ഒപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും. പരിശോധനയിലെ കര്‍ക്കശ സ്വഭാവം കൊണ്ടു തന്നെ അനവധി സ്ഥലം മാറ്റങ്ങള്‍ അവസാനം പട്ടാഭിരാമനെത്തുന്നത് ശ്രീപത്മനാഭന്റെ മണ്ണിലേക്ക്. അഴിമതിക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് മാറി കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനിലൂടെ കഥ കടന്നു പോകുന്നതാണ് ഒന്നാം പകുതി.
പട്ടാഭിരാമന്‍ എന്ന ജയറാം കഥാപാത്രത്തെ പോലെ തന്നെ കഥാവഴിയില്‍ കടന്നെത്തുന്ന ബൈജു സന്തോഷിന്റെ വല്‍സന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടര്‍ റോള്‍, വകുപ്പിലെ മറ്റ് ജീവനക്കാരായി എത്തുന്ന ധര്‍മജന്റെ സുനി എന്ന കഥാപാത്രം, ഹരീഷ് കണാരന്റെ ഷുക്കൂര്‍ എന്നിവ പ്രകടനത്തിലും അവതരണത്തിലും കലക്കി.ഒപ്പം തന്നെ നന്ദു അവതരിപ്പിക്കുന്ന അമ്മാവന്‍ റോള്‍ നായികമാരായി കടന്നെത്തുന്ന ഷിലു എബ്രഹാം, മിയ എന്നിവര്‍ പ്രകടനം മനോഹരമാക്കി. തനൂജ വര്‍മയായി മിയയുടെ വേറിട്ട പ്രകടനം. നാടന്‍ റോളിലെത്തിയ ഷിലു എബ്രാഹാമിന്റെ വിനീത എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരിക്കും.
രസകരമായ രീതിയില്‍ അതി തീവ്രമായ ഒരു ആശയത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഈ സിനിമ മികച്ച വിജയം നേടിയെടുത്തിട്ടുണ്ട്. സമകാലീകമായ പല സംഭവങ്ങളും കൂട്ടിക്കലര്‍ത്തിയാണ് കഥ കടന്നുപോകുന്നത്. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍, ഹോട്ടല്‍ ഭക്ഷണ ശൈലി ഇവ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍., ഭക്ഷണപദാര്‍ത്ഥത്തിലെ മായം കലര്‍ത്തല്‍ എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങള്‍ കഥയിലൂടെ കാട്ടിത്തരുന്നു. ഇടയ്ക്ക് രമേഷ് പിഷാരടി ധര്‍മജന്‍ കോമ്പിനേഷന്‍ സീനുകള്‍ മികച്ച നര്‍മം നല്‍കുന്നു. ഇടവേളയ്ക്ക് ശേഷം പ്രേംകുമാറും ജയറാമും ഫ്രെയിം പങ്കിടുന്നത് ആസ്വാദ്യമായി തോന്നി.
പാര്‍വതി നമ്പ്യാര്‍, അനുമോള്‍, തമിഴ് നടന്‍ ജയപ്രകാശ്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, പ്രേംകുമാര്‍, മാധുരി ബ്രൊഗാന്‍സ, തെസ്‌നി ഖാന്‍, നന്ദു, ദേവന്‍, സായ് കുമാര്‍, വിജയകുമാര്‍, അബു സലീം, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, സുധീര്‍ കരമന, കലാഭവന്‍ പ്രചോദ്, കെഎസ് ഷാജു, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ.എ രാജേന്ദ്രന്‍, ബാലാജി ശര്‍മ്മ, മായ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തലസ്ഥാന നഗരിയെ വിശാലമായ ക്യാന്‍വാസിലൊപ്പിയെടുത്ത രവിചന്ദ്രന്റെ ഛാായാഗ്രഹകണം മികവ് പുലര്‍ത്തുന്നു. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.