ന മ്മുടെ മന്ത്രി ശശീന്ദ്രന്റെ രാജിക്ക് കാരണമാക്കിയ, മംഗളം ചാനലിന്റെ 'പൂച്ചക്കുട്ടി' ഹണിട്രാപ്പുകേസും, റിപ്പബ്ലിക്ക് ടിവി ഉടമ അര്‍ണബ് ഗോസ്വാമിയുടെ വളര്‍ച്ചയും, ചേര്‍ത്ത് ഒരു ഡോക്യൂഫിക്ഷന്‍ ഉണ്ടാക്കി അതിനെ 'ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കല്‍പ്പികമാണ്' എന്ന് എഴുതിക്കാണിച്ച് ഒരു ചിത്രം എടുത്താന്‍ എങ്ങനെ ഇരിക്കും.
അതാണ് ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍, പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണി ആറിന്റെ രചനയില്‍ ടോവീനോ തോമസിനെ നായകനാക്കി എടുത്ത 'നാരദന്‍' എന്ന ചിത്രം. സത്യത്തില്‍ ഇതൊരു സിനിമയാണെന്ന് തോനുന്നില്ല. നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലിലൊക്കെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ഡോക്യുഫിക്ഷന്‍ കാണാറില്ലെ. അതുപോലെ ഫെയര്‍ ജേര്‍ണലിസം എന്ന ലക്ഷ്യത്തിനായി എടുത്ത ഒരു ഡോക്യു ഫിക്ഷനായി മാത്രമേ ഈ ചിത്രത്തെ കാണാനാവൂ!
ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ആഷിക്ക് അബുവിന്റെ ഗ്രാഫ് കുത്തനെ ഇടിച്ച ചിത്രമാണിത്. 20 ഫീമെയില്‍ കോട്ടയത്തിന്റെയും മായാനദിയുടെയും സംവിധായകനാണോ ഇത് എടുത്തത് എന്ന് തോന്നിപ്പോകും. ചാര്‍ലിയും, ലീലയും ഉള്‍പ്പെടടെ മനു്യഷ മനസ്സിന്റെ സങ്കീര്‍ണ്ണതകള്‍, കൃത്യമായി അടയാളപ്പെടുത്തിയ, പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകരനായ, ഉണ്ണി ആറിന്റെ രചനയാണ് ഈ ചവറ് എന്നതും ഞെട്ടിക്കുന്നു.
ചിത്രത്തിന്റെ ആദ്യപകുതി അട്ടര്‍ വേസ്റ്റാണ്. പലയിടത്തും ഉറക്കം വന്നുപോകും. രണ്ടാംപകുതിയാണ് എന്‍ഗേജിങ്ങായി തോനുന്നത്. അവിടെയും നീണ്ട കോടതി രംഗങ്ങളൊക്കെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. മിന്നല്‍ മുരളിപോലുള്ള ഒരു വേള്‍ഡ് ഹിറ്റിനുശേഷം ടൊവീനോ തോമസ് തലവെച്ച് കൊടുത്ത സിനിമ നോക്കണം. പുരോഗമന രാഷ്ട്രീയത്തിന്റെ മുഖം മൂടിയിട്ട് എന്തെങ്കിലും തട്ടിക്കൂട്ട് സിനിമകള്‍ എടുത്താല്‍ അത് പ്രേക്ഷകര്‍ അംഗീകരിക്കില്ല എന്നതിന് ഉറപ്പാണ്, വിരലിലെണ്ണാവുന്ന ആളുകളെ വെച്ചുള്ള ഈ ചിത്രത്തിന്റെ തീയേറ്റര്‍ പ്രദര്‍ശനം.
പണി പാളിയ തിരക്കഥ
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ തകരാറ് ഒട്ടും സിനിമാറ്റിക്ക് അല്ലാത്ത അതിന്റെ തിരക്കഥ തന്നെയാണ്. ഇവിടെ നായകന്‍ എന്നത് കട്ട വില്ലനാണ്. അതായത് ഗോവിന്ദച്ചാമിയുടെ കഥ ഒരു ചലച്ചിത്രമാക്കുന്നുവെന്ന് വെക്കുക. ചാമിയുടെ ക്രൂരതകളും ബലാത്സംഗവുമൊക്കെയായി കഥ മുന്നോട്ട് പോവുകയാണ്. ചാമിയുടെ വീക്ഷണത്തിലൂടെയാണ് കഥ പോകുന്നത്. സൗമ്യയെ ബലാത്സഗം ചെയ്തുകൊല്ലുന്ന ഗോവിന്ദച്ചാമി, നല്ല വക്കീലിനെ ഇറക്കി കോടതിയില്‍നിന്ന് വാദിച്ച് ജയിക്കാന്‍ നോക്കുന്നു. അവസാനം ശിക്ഷ കിട്ടുന്നു. ഈ കഥയില്‍ എന്താണ് പുതുമ. അത് സിനിമയാവണമെങ്കില്‍ ചില കഥാമുഹൂര്‍ത്തങ്ങളും ട്വസ്റ്റുകളും, ഒക്കെ വേണം. മാത്രമല്ല നായകന്റെ ചെയ്തികളോട് സമരസപ്പെടുമ്ബോഴാണ് പ്രേക്ഷകന് ദുഃഖവും ത്രില്ലും സന്തോഷവും ഒക്കെയുണ്ടാവുക. ഇവിടെ നായകന്‍ കട്ട വില്ലനാണ്. അയാള്‍ക്കൊപ്പം സഞ്ചരിക്കാനും നൊമ്ബരപ്പെടാനും പ്രേക്ഷകന് എങ്ങനെ കഴിയും. ഇത് ഫിലിം ഫെസ്റ്റിവലിലെ ഹൈക്ലാസ് ഓഡിയന്‍സിനുവേണ്ടി എടുത്ത സിനിമല്ലല്ലോ. കൊേമര്‍ഷ്യല്‍ സിനിമയുടെ ഫോര്‍മാറ്റ് പോലും ശ്രദ്ധിക്കാതെ എന്തിനോ വേണ്ടി തിളക്കുന്ന ചിത്രമായിപ്പോയി നാരദന്‍.
ചന്ദ്രപ്രകാശ് എന്ന പേരുള്ള ചാനല്‍ അവതാരകനായണ് ടോവിനോ ഈ ചിത്രത്തില്‍ എത്തുന്നത്. വലിയ ജനപ്രീതിയുള്ള വാര്‍ത്ത അവതാരകനും ടോക്ക് ഷോ അവതാരകനുമായ ചന്ദ്രപ്രകാശ് നമ്ബര്‍ വണ്ണായ മലയാളം ന്യൂസ് ചാനലില്‍ ആണ് ജോലി ചെയ്യുന്നത്. ആ സമയത്ത് അല്‍പ്പം അന്തര്‍മുഖനും, എല്ലാദിവസും ഡ്യൂട്ടികഴിഞ്ഞാല്‍ കൃത്യമായ പ്രസ്‌ക്ലബ് ബാറില്‍പ്പോയി രണ്ടെണ്ണം അടിക്കയും ചെയ്യുന്ന ഒരു സാധാരണക്കരനാണ് അയാള്‍. ( തിരുവനന്തപുരത്തെ ഒരു 'സങ്കേതം' അല്ലാതെ പ്രസ്‌ക്ലബിന് കേരളത്തില്‍ എവിടെയും ബാറുകള്‍ ഒന്നുമില്ല. എല്ലാ ദിവസവും മദ്യപിക്കുന്നവരും അല്ല മാധ്യമ പ്രവര്‍ത്തകര്‍) പക്ഷേ ആ സമയത്തും അയാളുടെ ക്രിമിനില്‍ സ്വഭാവം വിട്ടൊഴിയുന്നില്ല. സ്വത്ത് കിട്ടില്ല എന്ന് കണ്ടതോടെ പ്രേമിച്ച പെണ്ണിനോട് അയാള്‍ ബൈ പറയുന്നു. വിത്തുഗുണം പത്തുഗുണം എന്ന് പറയുന്ന പോലെ ചന്ദ്രപ്രകാശിനേക്കാള്‍ കുതന്ത്രക്കാരനാണ് അയാളുടെ പിതാവായി വരുന്ന ജയരാജ് വാര്യരുടെ കഥാപാത്രം. 'നിന്റെ അമ്മയെ ഞാന്‍ കെട്ടിയത് കാശ് കണ്ടിട്ട് തന്നെയാണെന്ന്, ഒരു ഉളുപ്പുമില്ലാതെ മകനോട് തുറന്നു പറയുന്ന ഒരു ഏഭ്യന്‍! അങ്ങനെ തന്റെ ജീവിത പരാജയങ്ങളില്‍നിന്ന് വില്ലനായി പോകുന്ന വ്യക്തയല്ല ചന്ദ്രപ്രകാശ്. അയാള്‍ ആദ്യമേ തന്നെ ക്രമിനല്‍ ബുദ്ധിയുള്ളയാളാണ്. ഈ വെറൈറ്റി കൊള്ളാം. പക്ഷേ അത് സിനിമാറ്റിക്ക് ആവുന്നില്ല.
ന്യൂസ് മലയാളം ചാനലില്‍ തന്റെ സുഹൃത്തായ പ്രദീപ് പ്രധാന റോളില്‍ എത്തുന്നതോടെ (ഷറഫുദ്ദീന്‍ ) ഈഗോയടിച്ച ചന്ദ്രപ്രകാശ്, അവിടെനിന്ന് രാജിവെക്കുന്നു. പിന്നെ അയാള്‍ നാരദ ന്യൂസ് എന്ന പുതിയ ന്യൂസ് ചാനലിന്റെ തലപ്പത്തുള്ള സിപി എന്ന് അറിയപ്പെടുന്ന നൊട്ടോറിയസ് ജേര്‍ണലിസ്റ്റായി ജ്ഞാനസ്നാനം ചെയ്യപ്പെടുകയാണ്. ചെളിയെയും തിന്മകളെയും വിറ്റ് കാശക്കുന്ന ഡേര്‍ട്ടി ജേര്‍ണലിസത്തിന്റെ വക്താവായി അയാള്‍ മാറുന്നു. പിന്നെ ക്രമേണേ എതിര്‍ക്കുന്നുവരെയെല്ലാം നിശബ്ദനാക്കുന്ന ഫാസിസ്റ്റായും.
മൈനസ് ടൊവീനോ ബിഗ് സീറോ
ഒരുപാട് ഫാള്‍ട്ടുകള്‍ ഉണ്ടെങ്കിലും ഈ ചിത്രവും ഒരു ദുരന്തമാവാതെ പോകുന്നത് ടൊവീനോയുടെ പ്രസരിപ്പാര്‍ന്ന പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. ചന്ദ്രപ്രകാശ് എന്ന ശാന്തനായ ചാനല്‍ അവതാരകനില്‍നിന്ന്, അലറിവിളിക്കുന്ന അര്‍ണബ് ഗോസ്വാമി മോഡലിലെ സിപിയിലേക്കുള്ള പരിവര്‍ത്തനം ഗംഭീരമായി ടൊവീനോ ചെയ്യുന്നുണ്ട്. ടൊവീനോയെ ഒഴിവാക്കിയാല്‍ ഒരു ബിഗ് സീറോയാണ് ഈ ചിത്രം. ഷറഫുദ്ദീന്റെ മാധ്യമ പ്രവര്‍ത്തകന് ഒന്നും ടൊവീനോയുടെ അടുത്തെത്താന്‍ കഴിയുന്നില്ല. വ്യക്തമായ ഒരു നായിക കഥാപാത്രം ഇല്ലാത്ത ഈ ചിത്രത്തില്‍ അന്നാബെന്നിന്റെ വക്കീല്‍ കഥാപാത്രം മോശമായിട്ടില്ല. ജോയ്മാത്യു, ജാഫര്‍ ഇടുക്കി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയരാഘവന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ ഒന്നും മോശമായിട്ടില്ല. അവസാനത്തെ ചില സീനുകളില്‍, മജിസ്ട്രേറ്റ് ആയി ഇന്ദ്രന്‍സിന്റെ പ്രകടനം സൂപ്പറാണ്. വക്കീലായ രഞ്ജി പണിക്കരുടേതും.
പക്ഷേ കഥാപാത്രങ്ങള്‍ക്ക് ബിജിഎം കൊടുക്കുന്നതില്‍പോലുമുണ്ട്, ഈ ചിത്രത്തില്‍ പ്രശ്നങ്ങള്‍. കോടതി രംഗങ്ങളിലെ ആദ്യഘട്ട വാദങ്ങളില്‍ തീര്‍ത്തും ദുര്‍ബലനായ ഒരു മനുഷ്യനായാണ് ജഡ്ജിയായ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. എന്നാല്‍ ഉച്ചക്ക് ശേഷമുള്ള രണ്ടാംഘട്ട വാദത്തില്‍, ഒരു പ്രത്യേക ബിജിഎമ്മിന്റെ അകമ്ബടിയോടെയാണ് മജിസ്ട്രേറ്റ് വരുന്നത്. ഇത് എന്തിനാണെന്ന് പ്രേക്ഷകന്‍ അത്ഭുദപ്പെട്ടുപോകും. ഉദ്ഘാടകന്‍ എത്തുന്നതിന് മുമ്ബ് ആരെങ്കിലും വെടിക്കെട്ട് നടത്തുമോ. വല്ലാത്ത ഒരു വെറ്റൈറ്റിയായിപ്പോയി ഇതൊക്കെ!
രാഷ്ട്രീയം സിനിമയെ ബാധിക്കുമ്ബോള്‍
തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് കുത്തിവെക്കാനുള്ള നീക്കവും ആഷിക്കും അബുവും, ഉണ്ണി ആറും നടത്തുന്നുണ്ട്. സിഐടിയു ജേര്‍ണലിസം എന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നപോലെ ഇതും ഒരുതരം സിഐടിയു ചലച്ചിത്രമായിപ്പോയി. കഥയില്‍ സ്വാഭാവികമായി രാഷ്ട്രീയം വരികയാണ് ചെയ്യേണ്ടത്. ഇവിടെ പല സീനുകളും ഡയലോഗുകളും തങ്ങളുടെ രാഷ്ട്രീയം പറയാനായി കൃത്രിമമായി കൂട്ടിച്ചേര്‍ത്തതായാണ് തോന്നുക.
ഉദാഹരണമായി ചിത്രത്തിലെ നായകന്‍ സി പി ഒരിടത്ത് പറയുന്നുണ്ട്. എനിക്ക് വേണ്ടത് ഡേര്‍ട്ടാണ്. നമ്മള്‍ അതാണ് വില്‍ക്കുന്നത്. ആ ചളിയില്‍നിന്നാണ് വിജയത്തിന്റെ താമര വിരിയുക എന്ന്. ഈ ഡയലോഗ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൂടുതല്‍ പറയേണ്ടല്ലോ. അതുപോലെ ചിത്രാന്ത്യത്തില്‍, ദലിതനായ ഇന്ദ്രന്‍സിന്റെ ജഡ്ജിയുടെ മുന്നില്‍പോയി താന്‍ യാചിക്കില്ലെന്നും ഞാന്‍ ഒരു മേനോന്‍ ആണെന്നും രഞ്ജിപ്പണിക്കരുടെ അഡ്വക്കേറ്റ് പറയുന്നുണ്ട്. ഒരുകാര്യവുമില്ലാതെയാണ് ഇവിടെയൊക്കെ ജാതി വലിച്ചിടുന്നത്. സ്വത്വരാഷ്ട്രീയ വാദികള്‍ക്കും പൊളിറ്റിക്കല്‍ കറക്‌ട്നസ്സുകാരുടെയും കൈയടി കിട്ടാന്‍ സീനുകള്‍ തിരുകിക്കയറ്റുക തന്നെ.
അതുപോലെ കോര്‍പ്പറേറ്റുകള്‍, ലാഭം എന്നവയിലൊക്കൗ ഒരുതരം അടഞ്ഞ മാര്‍ക്സിസ്റ്റ് യുക്തിയാണ് ചിത്രം പിന്തുടരുന്നത്. ലാഭം മാത്രമാണ് കോര്‍പ്പറേറ്റകളുടെ ലക്ഷ്യമെന്നും അവര്‍ അതിനുവേണ്ടി എന്ത് ചെളിയും വില്‍ക്കുമെന്നും സിനിമ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഒന്നും തന്നെ ചൂഷണത്തിലൂടെയല്ല ലാഭം ഉണ്ടാക്കുന്നത്. അവര്‍ ചെളി വിറ്റുമല്ല ജീവിക്കുന്നത്. വെല്‍ഫയര്‍ കാപ്പിറ്റലിസം എന്ന സാധനത്തെകുറിച്ച് ഒരു ധാരണയും ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് ഇല്ലെന്ന് തോനുന്നു. അതുപോലെ മത്സരത്തെക്കുറിച്ചും തീര്‍ത്തു തെറ്റായ ഒരു ധാരണയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. ചാനലുകളുടെ കിടമത്സരമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം എന്നൊതൊക്കെ നിസ്സാരവത്ക്കരണമാണ്.
വാല്‍ക്കഷ്ണം: പൊതുജനത്തിന് അത്രയൊന്നും അറിയാത്ത ന്യൂസ് ചാനല്‍ ലോകത്തിന്റെ ഉള്ളറകള്‍ കാണിച്ചുകൊടുക്കാനുള്ള നല്ല അവസരമായിരുന്നു ഈ പടം. ലേഖയുടെ മരണം ഒരു ഫളാഷ് ബാക്ക് എന്ന ചിത്രത്തില്‍ വെള്ളിത്തിരയുടെ അകത്തെ ജീവിതത്തിലേക്ക് കെ ജി ജോര്‍ജ് കടക്കുന്നപോലെ. എന്നാല്‍ സ്വലേ, ലൗ 24 7, തുടങ്ങിയ മാധ്യമ പ്രവര്‍ത്തനം വിഷയമായി വരുന്നു മൂന്‍കാല ചിത്രങ്ങളെപ്പോലെ തീര്‍ത്തും തൊലിപ്പുറമെയുള്ള ഒരു ചിത്രമായി ഇതും മാറുകയാണ്. ഒരു വൈക്കോല്‍ മനുഷ്യനെ സൃഷ്ടിച്ച് തീ കൊളുത്തുന്നതുപോലുള്ള സ്ട്രോമാന്‍ മാധ്യമപ്രവര്‍ത്തകരെയാണ് ഉണ്ണി ആറും ആഷിക്ക് അബുവും സൃഷ്ടിച്ചത്.