തുടര്‍ച്ചയായി സിനിമകള്‍ അരങ്ങിലെത്തിച്ച് തന്റെ പ്രസന്‍സ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ എന്ന രീതിയില്‍ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കല്‍ക്കിയിലൂടെ. വ്യത്യസ്ഥ കഥാപാത്രങ്ങളില്‍ അരങ്ങിലെത്തിയിട്ടുള്ള ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന കല്‍ക്കി കെട്ടിലും മട്ടിലും വ്യത്യസ്ഥത നിലനിര്‍ത്തുന്നു.ശരാശരി ആരാധനെ കോരിത്തരിപ്പിക്കുന്ന ഓരോ ഡയലോഗുകളിലും നിറഞ്ഞ കൈയ്യടി ലഭിക്കുന്ന തകര്‍പ്പന്‍ പ്രകടനവുമായിട്ടാണ് കല്‍ക്കി എത്തുന്നത്. പ്രവീണ്‍ പ്രഭരം, സുജിന്‍ സുജാതന്‍ എന്നിവര്‍ രചന ഒരുക്കി പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു.
സംവിധാന മികവില്‍ ചിത്രം ഒരു പടി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നാംഭാഗം മരണമാസായിരിക്കും പ്രേക്ഷകന് സമ്മാനിക്കുന്നത്. ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളോടും കൂടിയാണ് കല്‍ക്കി എത്തുന്നത്. കഥയിലേക്ക് വന്നാല്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അതിര്‍ത്തി പങ്കിടുന്ന നഞ്ചങ്കോട്ടയിലൂടെയാണ് കഥ കടന്നു പോകുന്നത്. നഞ്ചങ്കോട്ടെ തമിഴ് ജനതയും ഇവരുടെ കുടിയേറ്റവും നാടുകടത്തലും രാഷ്ട്രീയ ശക്തികളായ പ്രാദേശിക ഗുണ്ടകളുടെ വിളയാട്ടവും തന്നെ ചിത്രം.
സൂര്യ പ്രധാനവേഷത്തിലെത്തിയ സിങ്കം സിനിമ പോലെയൊക്കെ ശുദ്ധികലശവുമായി എത്തുന്ന ഇന്‍സ്‌പെക്ടര്‍ റോള്‍. കഥാപാത്രത്തെ അഡ്രസ് ചെയ്യുന്നതില്‍ പോലും വ്യത്യസ്ഥത പുലര്‍ത്തുന്നത് യൂണിഫോമില്‍ പോലും പ്രകടമാകുന്നു. കല്‍ക്കി എന്ന പേര് സീനില്‍ ഒരിടത്തും എത്തുന്നില്ല. തകര്‍പ്പന്‍ ഇന്‍ട്രോയിലൂടെ നായകന്‍ രംഗപ്രവേശനം ചെയ്യുമ്പോള്‍ പോലും തന്റെ പേര് എവിടേയും പറയപ്പെടുന്ന രംഗങ്ങളില്ല. യൂണിഫോമില്‍ കെ എന്ന ഇംഗ്ലീഷ് ലെറ്റര്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതും.
ഉട്ടോപ്യന്‍ ലോജിക്കുകള്‍ നിറഞ്ഞ നഞ്ചന്‍ കോട്ട
ആരാധകന് കൈയ്യടിക്കാന്‍ വകയുള്ള പൊലീസ് കഥാപാത്രവും കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗും കൂടിയാണ് നായകന്റെ കടന്നുവരവ്. കേരളം- തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന നഞ്ചന്‍കോട്ടയിലെ തമിഴരുടെ കുടിയേറ്റ പ്രശ്‌നവും ഇവര്‍ക്ക് ഇവിടുത്തെ രാഷ്ട്രീയ ശക്തികളുടെ സമ്മര്‍ദ്ദത്താല്‍ കുടിയൊഴിക്കപ്പെടുന്ന രംഗവുമായിട്ടാണ് ചിത്രത്തിന്റെ ആരംഭം. ഡി.വൈ.പി, എ.ഐ.സി.ടി എന്നീ രണ്ട് പ്രാദേശിക പാര്‍ട്ടികളേയും ഇവിടുത്തെ നേതാക്കളേയും കാണിച്ചുകൊണ്ടുള്ള തുടക്കവും. പൊലീസും കോടതിയും നിമിയമങ്ങളുമെല്ലാം കയ്യിലെടുത്ത് അമ്മാനമാടുന്ന വില്ലന്‍മാര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ള നഞ്ചന്‍ കോട്ടയില്‍ എതിര്‍ സ്വരങ്ങളെ എല്ലാം തന്നെ കൊന്നൊടുക്കുന്നു.
കഥാപാത്രങ്ങളുടെ സൃഷ്ടിയിലും പാര്‍ട്ടി കൊടികളെ അടയാളപ്പെടുത്തുന്നതില്‍ പോലും വ്യക്തമായ രാഷ്ട്രീയവും ഈ ചിത്രം കാണിക്കുന്നുണ്ട്. രാഖി ചരട് കൈയ്യിലണിഞ്ഞ പ്രതിനായക കഥാപാത്രങ്ങളും ഇവരുടെ കൂടെ നില്‍ക്കുന്ന ആശ്രിതരായ അനുയായികളേയുമെല്ലാം വലതു രാഷ്ട്രീയത്തിന്റെ വ്യക്താക്കളെന്ന വണ്ണം ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു. തൊഴിലാളി ചേരിയില്‍ എ.ഐ.സി.പി എന്ന കൊടിയുമായി ഇടത് രാഷ്ട്രീയ സ്വഭാവവും. എന്നിരുന്നാലും ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയ ദുര്‍ലാക്കുകള്‍ കൃത്യതയോടെ ചിത്രത്തില്‍ അവതിരിപ്പിക്കപ്പെടുന്നു.
സിനിമയുടെ ഹൈലൈറ്റ് ടൊവിനോയുടെ ഇന്‍ട്രോ തന്നെയാണ്. പേരിന് മാത്രം ബോര്‍ഡും തൂക്കി കാക്കിയണിഞ്ഞ് ഇരിക്കുന്ന ദുര്‍ബലരായ നഞ്ചന്‍കോട്ടയിലെ പൊലീസുകാര്‍ക്ക് അസ്ഥിത്വം വീണ്ടെടുക്കാന്‍ കഴിയുന്നത് കല്‍ക്കി എന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ വരവോടെയാണ്. നഞ്ചന്‍കോട്ടയെ ശുദ്ധികലശം നടത്തുന്ന നായകന്റെ പരാക്രമണങ്ങള്‍ തന്നെ ഒന്നാംപകുതി. ഇന്‍ട്രോഡക്ഷനിലെ ബി.ജി.എമ്മൊക്കെ തീയറ്ററില്‍ നിന്ന് മാസ് അുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
ആദ്യപകുതി നഞ്ചങ്കോട്ടെയിലെ കല്‍ക്കിയുടെ വിളയാട്ടമാണെങ്കില്‍ രണ്ടാം പകുതി അല്‍പം നാടകീയത നല്‍കുന്ന അവതരണമായി തോന്നി. ഏക പാളിച്ചയായി തോന്നിയത് ദുര്‍ബലമായ കഥ എന്നത് മാത്രമാണ്. മാസ് സമ്മാനിച്ച ഒന്നാം പകുതിയുടെ ഇഫക്ട് രണ്ടാം പകുതിയില്‍ ലഭിച്ചില്ല. ശരാശരി പ്രേക്ഷകന്റെ ലോജിക്കുകളെ കൊല്ലുന്ന ചില കഥാവഴികള്‍ പലയിടത്തും അനുഭവപ്പെടുന്നുണ്ട.് എന്നിരുന്നാലും നമ്മുടെ പൊലീസുകാര്‍ക്ക് ഗ്ലൂക്കോസിട്ട നാരങ്ങാവെള്ളം കുടിക്കുന്ന എനര്‍ജി ഈ സിനിമ കണ്ടിരിക്കുമ്പോള്‍ കിട്ടിയിരിക്കും. കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ തീര്‍ത്തും വ്യത്യസ്ഥമായ ഇന്‍സ്‌പെകടര്‍ റോള്‍ എന്നിവ ഈ ടൊവിനോ കഥാപാത്രത്തില്‍ പ്രശംസ നേടിയെടുക്കും
അടി ഇടി വെടിക്കെട്ടും ഫാന്‍സിന്റെ കോരിത്തരിപ്പും
കൊല്ലും കൊലയും നടത്തുന്ന രാഷ്ട്രീയക്കാര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ എന്നിവയൊക്കെയാണ് കഥയുടെ കത്തിയായി തോന്നുന്ന ഘടകം. മേലുദ്യോഗസ്ഥരോ കോടതിയോ നിയമങ്ങളോ ഒന്നും തന്നെ നഞ്ചന്‍ കോട്ടയില്‍ കടന്നുവരുന്നില്ല. ആകെയുള്ളത് അഞ്ച് പോലീസുകാര്‍. പേരിന് പോലും ഈ സ്‌റ്റേഷനില്‍ ഒരു വനിതാ പൊലീസുകാരി കടന്നെത്തുന്നില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ പൊലീസുകാര്‍ പോലും നേരിട്ടിറങ്ങി ആക്ടിവിസ്റ്റുകളുടെ ധര്‍മം ഏറ്റെടുക്കുന്ന പല സന്ദര്‍ഭങ്ങളും. എന്നിരുന്നാലും സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ചുമതല എന്ന രീതിയില്‍ കല്‍ക്കി എന്ന് ഇന്‍സ്‌പെക്ടര്‍ പ്രശംസിക്കപ്പെട്ടേക്കും.
മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാല്‍ നഞ്ചങ്കോട്ടയിലെ പൊലീസ് സ്റ്റേഷനിലെ മറ്റ് പൊലീസ് കഥാപാത്രങ്ങളായി എത്തുന്ന സുധീഷിന്റെ അബ്ദുള്ള എന്ന റോള്‍ സൈജു കുറുപ്പിന്റെ സൂരജ് എന്ന രാഷ്ട്രീയക്കാരന്റെ റോള്‍, ഹരീഷ് ഉത്തമന്‍ അവതരിപ്പിച്ച ഉമര്‍ എന്ന വില്ലന്‍ കഥാപാത്രം, ടൊവിനോയെ പോലെ തന്നെ മാസ് ഒരുക്കിയ ശിവജിത്ത് പത്മനാഭന്റെ കഥാപാത്രം എന്നിവയാണ് വ്യത്യസ്ഥത പകരുന്നത്. വിനി വിശ്വലാല്‍ അപ്പു എന്ന കഥാപാത്രം മികച്ച പ്രകടനം ചിത്രത്തില്‍ കാഴ്ച വെച്ചിട്ടുണ്ട്. ഇനി ചിത്രത്തില്‍ സംയുക്തയുടെ റോളാണ് പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നത് എങ്കിലും പ്രതിനായക റോളിലെത്തുന്ന സംയുക്തയുടെ ഡോ. സംഗീതയ്ക്ക് ചിത്രത്തില്‍ നായിക പ്രാധാന്യമുള്ള റോള് ലഭിച്ചിട്ടില്ല.
ഇടയ്ക്ക് സംഗീത എന്ന കഥാപാത്രം ചില കോക്രികള്‍ കാണിച്ച് പോകുന്നതല്ലാതെ മറ്റൊന്നുമില്ല ഈ നായികയ്ക്ക് നല്‍കാന്‍. കെ.പി എസ്. ലളിത, അപര്‍ണ നായര്‍, അഞ്ജലി നായര്‍ കാര്‍ത്തിക് പ്രദീപ് എന്നിവര്‍ അവതരിപ്പിച്ച റോളുകളും മികവ് പുലര്‍ത്തി.ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയ ഗൗതം ശങ്കറിനാണ് പ്രശംസ നല്‍കേണ്ടത്.ആക്ഷന്‍ രംഗങ്ങളുടെ ക്യാമറ മികവ് മരണനാസ് സമ്മാനിച്ചിട്ടുണ്ട്. തീയറ്ററഇല്‍ കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്ക് ബിജോയിയും കൈയ്യടി അര്‍ഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് കോഴൂരാണ്.