Latest News

ലൗ എഫ് എമ്മിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി; ടീസര്‍ കാണിക്കുന്നത് സാധാരണ മനുഷ്യരും റേഡിയോയും തമ്മിലുള്ള ആത്മബന്ധം...

Malayalilife
ലൗ എഫ് എമ്മിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി; ടീസര്‍ കാണിക്കുന്നത് സാധാരണ മനുഷ്യരും റേഡിയോയും തമ്മിലുള്ള ആത്മബന്ധം...

ലൗ എഫ് എം മൂവിയുടെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. വൈകുന്നേരം 5 മണിക്കാണ് ടീസര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്. ഒരു മിനിട്ട് ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റേഡിയോയും സാധാരണ മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് കാണിക്കുന്നത്. അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാകുന്ന ചിത്രം 2020 ജനുവരി 24 നാണ് റിലീസിനെത്തുക. 

വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്റെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്റെ  പുതുമയാണ്. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു  എന്നിവരാണ് നായികമാര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം പാലയ്ക്കല്‍ തങ്ങളായി നടന്‍ ദേവന്‍ ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.  

ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്.  ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്.

ക്യാമ്പസ് ജീവിതം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ്  അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലര്‍ത്തിയാണ് ലൗ എഫ് എം പ്രേക്ഷകരില്‍ എത്തുന്നതെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

 

Read more topics: # love fm teaser,# appani sarath
love fm official teaser release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക