ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓള്‍ ടൈം റെക്കോര്‍ഡ് ആഗോള ഗ്രോസര്‍ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു നായികാതാരം ടൈറ്റില്‍ വേഷത്തില്‍ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷന്‍ ആണ് 'ലോക' സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയില്‍ കഥ പറഞ്ഞ 'ലോക', മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി. അന്താരാഷ്ട്ര ഫാന്റസി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് നിലവാരമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍ എന്ന സംവിധായകന്‍ സൃഷ്ടിച്ച 'ലോക' എന്ന മായാലോകം ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളില്‍ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടിയ ചിത്രം ഈ നേട്ടവും കൈവൈരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷന്‍. മലയാള സിനിമയില്‍ മേക്കിങ് മികവ് കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും 'ലോക' സൃഷ്ടിച്ചത് ഒരു പുതിയ ട്രെന്‍ഡ് ആണ്. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നിര്‍മ്മാതാവ് കാണിച്ച ധൈര്യവും പ്രശംസനീയമാണ്. ഡൊമിനിക് അരുണ്‍ എന്ന പ്രതിഭയുടെ വിഷന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള നിര്‍മ്മാതാവിന് മുന്നിലെത്തിയപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ച അത്ഭുത ചിത്രമായി 'ലോക' മാറി. അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത് എന്നതും മലയാള സിനിമയില്‍ ഒരു പുത്തന്‍ കാഴ്ചയാണ്.
ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലന്‍ എന്നിവര്‍ക്കൊപ്പം ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ആഴവും തീവ്രതയും വലിപ്പവും വര്‍ദ്ധിപ്പിച്ചു. പാന്‍ ഇന്ത്യന്‍ വിജയം നേടിയ ഈ അത്ഭുത ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചതും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍