തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടു'മായി ബന്ധപ്പെട്ട വിവാദത്തില്‍ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാര്‍ രാജേന്ദ്രന്‍. അനുഗ്രഹയ്ക്കും സുഹൃത്ത് എ.ബി. ഷാരോണിനുമാണ് വിജയ് കുമാര്‍ രാജേന്ദ്രന്റേയും ഭാര്യ നക്ഷത്രാമൂര്‍ത്തിയുടേയും അഭിഭാഷകന്‍ ഡോ. ജെ. ജെറോം ജോസഫ്
വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂര്‍ത്തിക്കും നിര്‍മാണക്കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ് നമ്പ്യാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെന്നും കരാര്‍ പ്രകാരം പ്രതിഫലം നല്‍കിയില്ലെന്നും ആയിരുന്നു നടിയുടെ ആരോപണം
നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വ്യാജവും അടിസ്ഥാനമില്ലാത്തതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ പ്രചരിപ്പിച്ചുവെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. അനുഗ്രഹയുടെ ആരോപണങ്ങള്‍ ഇരുവരുടേയും പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അനുഗ്രഹയുമായി വിജയ്ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. മറിച്ചുള്ള അവകാശവാദങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും നോട്ടീസില്‍ പറയുന്നു.
ഇരുവരുടേയും അപകീര്‍ത്തികരമായ പ്രവൃത്തികളെത്തുടര്‍ന്ന് ദമ്പതികള്‍ക്ക് മാനസികവേദനയും അപമാനവും സമൂഹത്തില്‍ ചീത്തപ്പേരും ജോലിയില്‍ നഷ്ടങ്ങളുമുണ്ടായി. ഇക്കാരണങ്ങളാല്‍ വിജയ്യും നക്ഷത്രയും അനുഗ്രഹയ്ക്കും സുഹൃത്തിനുമെതിരേ സിവിലായും ക്രിമിനലായും നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരിക്കുന്നു. അപകീര്‍ത്തി പരാമര്‍ശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. എല്ലാ മാധ്യമങ്ങളില്‍നിന്നും പ്രസ്താവനകള്‍ നീക്കം ചെയ്യണം. 48 മണിക്കൂറിനുള്ളില്‍ പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കില്‍ നിയമടപടികളുമായി മുന്നോട്ടുപോവുമെന്നും നോട്ടീസില്‍ അറിയിച്ചു.