കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പ്രായഭേദമന്യേ നിരവധി ആരാധകരാണ് ലോകമെമ്പാടും ഉള്ളത്. എപ്പോഴും പുഞ്ചിരി്ച്ച മുഖവുമായെത്തുന്ന ഗായക തന്റെ ഇഷ്ടങ്ങളും സ്വഭാവുമൊക്കെ തുറന്ന് പറഞ്ഞ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഐ ആം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഗായിക മനസ് തുറന്നത്.
പ്രിയ ഗായിക പൊതുവേദികളില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ധരിക്കാറുള്ളത് സാരിയാണ്. വിരളമായി മാത്രമാണ് സല്‍വാറുകളില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയൊരു സാരി കലക്ഷന്‍ തനിക്കുണ്ടെന്ന് പറയുകയാണിപ്പോള്‍ ഗായിക.എത്ര സാരികള്‍ എന്റെ കയ്യിലുണ്ടെന്ന് ചോദിച്ചാല്‍ അതിന് ഒരു കൃത്യമായ കണക്കില്ല. പുതിയത് വരുമ്പോള്‍ പഴയത് മാറ്റി കൊണ്ടിരിക്കും. കൃത്യമായി എത്ര സാരിയുണ്ടെന്ന് അറിയില്ലെങ്കിലും ആയിരത്തിന് മുകളിലുണ്ടാകും. ഷോപ്പിങിന് പോകുമ്പോള്‍ ചില സാരികള്‍ കാണുമ്പോള്‍ ഇത് എനിക്ക് വേണമെന്ന തോന്നലുണ്ടാകും.
പിന്നെ ഞാന്‍ ഉടുക്കുന്ന സാരികള്‍ എല്ലാം ഞാന്‍ വാങ്ങുന്നത് അല്ല. പലതും പലരുടേയും സമ്മാനമാണ്. അവയില്‍ ചിലത് എനിക്ക് ഇഷ്ടമുള്ളയാകും. ചില സ്റ്റഫുകള്‍ എനിക്ക് ഇഷ്ടമല്ല. ആഗ്രഹിച്ച് തന്നതാണല്ലോ ഞാന്‍ ഉടുത്ത് കാണാന്‍ അവര്‍ ആഗ്രഹിക്കുമല്ലോ എന്ന തോന്നല്‍ കാരണം ചില സാരികള്‍ ഞാന്‍ ഉടുക്കും. തൃപ്തിയില്ലെങ്കിലും ധരിക്കും.
സമ്മാനം തന്നവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഉടുക്കുന്നതാണ് അത്. പിന്നെ ഒരുപാട് സാരികള്‍ എനിക്ക് ഗിഫ്റ്റ് കിട്ടാറുണ്ട്. ഇന്നലേയും കിട്ടി രണ്ടെണ്ണം. സ്റ്റാര്‍ സിങറിന്റെ ഷൂട്ടിന് വന്നവര്‍ കൊണ്ടുവന്ന് തന്നതാണ്. ഒരുപാട് വണ്ണം തോന്നിപ്പിക്കാത്തതും ഉടുത്താന്‍ സുഖമുള്ളതുമായ സാരികള്‍ ധരിക്കാനാണ് എനിക്ക് ഇഷ്ടം ചിത്ര പറയുന്നു. ദേഷ്യം വരാറുള്ള കൂട്ടത്തിലാണ് താനെന്നും ചിത്ര പറയുന്നു. ദേഷ്യം വന്നാല്‍ ഞാന്‍ ഒച്ചയെടുക്കും.
കുറച്ച് ശബ്ദം മാത്രമെ ഉണ്ടാക്കൂ. ഒരുപാട് ഒച്ചയിട്ടാല്‍ തൊണ്ട പോകും. ഭയങ്കരമായി ദേഷ്യം വരുമ്പോള്‍ പല്ല് കടിക്കുന്ന സ്വഭാവവുമുണ്ട്. എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ കാണുന്നത് ഭര്‍ത്താവ് വിജയന്‍ ചേട്ടന്‍ തന്നെയാണ്. എന്തെങ്കിലും പറഞ്ഞശേഷം ഞാന്‍ മൗനം ആചരിക്കും താരം പറഞ്ഞു.
സോഷ്യല്‍മീഡിയയോട് തനിക്കുള്ള ഭയത്തെ കുറിച്ചും ഗായിക മനസ് തുറന്നു.
സോഷ്യല്‍മീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോള്‍ ഭയമാണ്. ദൈവമെ ഇവര്‍ ഏത് ഭാഗവും കട്ട് ചെയ്ത് ഇടാന്‍ പോകുന്നതെന്ന് ഓര്‍ത്ത്. ഒന്ന് രണ്ട് അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതില്‍ ഒന്ന്.
രവീന്ദ്രന്‍ മാഷിന്റെ പേരില്‍ ഒരു അവാര്‍ഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയില്‍ വെച്ചാണ് നടന്നത്.ആ ഫങ്ഷനില്‍ പങ്കെടുക്കാനായി ചെന്ന് ഞാന്‍ ഒരു കസേരയില്‍ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. അതിന് അര്‍ത്ഥം സെറ്റിലായിട്ടില്ല എന്നാണ്. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്. അപ്പോഴേക്കും പിറകില്‍ നിന്നും ഒരു അമ്മ വന്നു. ഫോട്ടോ എടുക്കാന്‍ വന്നതാണ്. അതിന്റെ ഇടയില്‍ അവരുടെ കൈകള്‍ക്കിടയില്‍ എന്റെ മുടി അമര്‍ന്നു.
അന്ന് തലയില്‍ വേറൊരു വെപ്പ് മുടി കൂടി വെച്ചിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനില്‍ വെച്ച് അത് ഊരി വീണാല്‍ നാണക്കേടാവില്ലേ?. അവരുടെ കൈകള്‍ മുടിയില്‍ അമര്‍ന്നപ്പോള്‍ എന്റെ തലയും ചെറുതായി വലിഞ്ഞു. അവരുടെ കൈ എനിക്ക് തട്ടി മാറ്റാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ മുടിയിലാണ് കൈ അമര്‍ന്നിരിക്കുന്നതെന്ന് അവരോട് ഞാന്‍ പറഞ്ഞു. ആ പറയുന്ന ഭാഗം കട്ട് ചെയ്ത് ആരൊക്കയോ സോഷ്യല്‍മീഡിയയില്‍ ഇട്ടു.
അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകള്‍ ആ വീഡിയോയ്ക്ക് വന്നു. ഞാന്‍ സോഷ്യല്‍മീഡിയ നോക്കുന്നയാളല്ല. പക്ഷെ ആരെങ്കിലും എനിക്ക് എല്ലാം അയച്ച് തരും. അങ്ങനെയാണ് ഞാന്‍ പലതും കാണുന്നത്. ആ സത്രീക്ക് ശേഷവും ഒരുപാട് പേര്‍ വന്ന് ഫോട്ടോയെടുത്ത് പോയി. പക്ഷെ മുടിയെന്ന് ഞാന്‍ ആ സ്ത്രീയോട് പറഞ്ഞതാണ് പ്രശ്‌നമായതെന്നും അനുഭവം വിവരിച്ച് കെ.എസ് ചിത്ര പറഞ്ഞു.