കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമൽ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്ന് പേരിട്ടു. അതിജീവിക്കാൻ നമുക്ക് കഴിഞ്ഞത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ' ചെന്നൈ വാരം' എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകർ, കേരളത്തിലെ മഹാപ്രളയത്തിനൊപ്പം തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് 'കൊല്ലവർഷം 1193' ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണത്തിന് അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. അതെ സമയം മികച്ചൊരു താര നിര തന്നെ ചിത്രത്തിലുണ്ടാകും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കാമറ ദേവൻ മോഹനൻ, സംഗീതം സഞ്ജയ് പ്രസന്നൻ , ചിത്രസംയോജനം ബിൽ ക്ലിഫേർഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസൺ. ചിത്രം 2019 ആദ്യ മാസങ്ങളിൽ പ്രദർശനത്തിനെത്തും.