നടന്‍ സന്തോഷ് കെ. നായരുടെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനൊമ്പരമായി മാറുമ്പോള്‍, പ്രിയ താരത്തിന് അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ കിഷോര്‍ സത്യ. പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നുള്ള യാത്രയ്ക്കിടയില്‍ ഏനാത്ത് വെച്ച് അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ട വാഹനം തന്റെ പ്രിയ സുഹൃത്തിന്റേതായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതിന്റെ നടുക്കത്തിലാണ് കിഷോര്‍.
കിഷോര്‍ സത്യ പങ്കുവച്ച കുറിപ്പ്:
രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോള്‍ ഏനാത്ത് വഴി ഞങ്ങള്‍ കടന്നുപോയി. അപ്പോള്‍ വഴിയില്‍ ഒരു ലോറിയും ഇന്നോവ കാറും ആക്‌സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആള്‍ക്കാര്‍ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.
ഏതാണ്ട് 9 മണി ആയപ്പോള്‍ ഒരു സുഹൃത്താണ് നടന്‍ സന്തോഷേട്ടന്‍ അപകടത്തില്‍പ്പെട്ട മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയില്‍ നടന്ന അപകടത്തില്‍ പ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്. ഒത്തിരി സങ്കടം വന്നു. കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയില്‍ ഒരു മികച്ച വേഷത്തില്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു.
പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കല്‍ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികള്‍ എംസി റോഡില്‍ അടൂരിനും ഏനാത്തിനുമിടയില്‍ എംജി ജംക്ഷനില്‍ ഇന്നലെ രാവിലെ 6.15-നായിരുന്നു അപകടം. സന്തോഷ് ഓടിച്ചിരുന്ന കാര്‍ എതിരെ വന്ന പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ സന്തോഷിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി സുധീഷിനും അപകടത്തില്‍ പരിക്കേറ്റു.