Latest News

കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കെജിഎഫ് മുന്നേറുന്നു; തീയേറ്ററുകളുടെ എണ്ണത്തില്‍ മോഹന്‍ലാലിന്റെ ഒടിയനൊപ്പം മൂന്നാംവാരത്തിലേക്ക്

Malayalilife
കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കെജിഎഫ് മുന്നേറുന്നു; തീയേറ്ററുകളുടെ എണ്ണത്തില്‍ മോഹന്‍ലാലിന്റെ ഒടിയനൊപ്പം മൂന്നാംവാരത്തിലേക്ക്

പോയ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ സര്‍പ്രൈസ് പ്രോജക്ടുകളിലൊന്നായിരുന്നു കെജിഎഫ്. കര്‍ണാടകത്തിന് പുറത്ത് വലിയ വേരോട്ടമില്ലാത്ത കന്നഡ സിനിമയില്‍ നിന്ന് ഇന്ത്യ മുഴുവന്‍ ശ്രദ്ധ ലഭിക്കുന്ന ചിത്രമായിരിക്കുകയാണ് കെജിഎഫ്. സാന്‍ഡല്‍വുഡ് യുവതാരം യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ആദ്യ വാരം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. കേരളത്തില്‍ രണ്ടാം വാരം സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച ചിത്രം മികച്ച തീയേറ്റര്‍ പ്രതികരണത്താല്‍ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വീണ്ടും തീയേറ്ററുകളുടെ എണ്ണം ഉയര്‍ത്തിയിരിക്കുകയാണ്.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാ പതിപ്പുകളുള്ള ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകളാണ് കേരളത്തില്‍ ഡിസംബര്‍ 21ന് റിലീസ് ചെയ്യപ്പെട്ടത്. 60 തീയേറ്ററുകളിലായിരുന്നു റിലീസ്. ഡിസംബര്‍ 14ന് റിലീസ് ചെയ്യപ്പെട്ട മോഹന്‍ലാലിന്റെ 'ഒടിയന്‍' ഉള്‍പ്പെടെ പത്ത് സിനിമകള്‍ വിവിധ ഭാഷകളിലെ ക്രിസ്മസ് റിലീസുകളായി കേരളത്തിലെ തീയേറ്ററുകളില്‍ ഉണ്ടായിരുന്നെങ്കിലും കെജിഎഫിന് മികച്ച പ്രതികരണം ലഭിച്ചു. കണ്ടവര്‍ കണ്ടവര്‍ ചിത്രത്തിന്റെ പ്രചാരകരായി മാറിയതോടെ കേരളത്തിലെ വിതരണക്കാര്‍ രണ്ടാംവാരം തീയേറ്ററുകളുടെ എണ്ണം കൂട്ടി. അറുപത് തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം അങ്ങനെ 90 തീയേറ്ററുകളിലെത്തി. മൂന്നാംവാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 90ല്‍ നിന്ന് 125ല്‍ എത്തിയിരിക്കുകയാണ് കെജിഎഫിന്റെ കേരള സ്‌ക്രീന്‍ കൗണ്ട്.

കെജിഎഫിന്റെ തമിഴ് പതിപ്പിന് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഏഴ് തീയേറ്ററുകളിലാണ് ഇന്ന് മുതല്‍ പ്രദര്‍ശനം. ഏഴ് തീയേറ്ററുകളിലായി ദിവസേന പതിനാറ് പ്രദര്‍ശനങ്ങളും. കൗതുകകരമായ മറ്റൊരു വസ്തുത ക്രിസ്മസിന് ഒരു വാരം മുന്‍പെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സ്‌ക്രീന്‍ കൗണ്ടിന് ഒപ്പത്തിനൊപ്പമാണ് ഇപ്പോള്‍ കെജിഎഫ് എന്നതാണ്. നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒടിയന് കേരളത്തില്‍ 126 തീയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഒരു വാരം കഴിഞ്ഞെത്തിയ കെജിഎഫിന് 125 തീയേറ്ററുകളും. പക്ഷേ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ ഒടിയന്‍ മുന്നിലാവും.

kgf-increases-screen-count-in-kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES