റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കവെ ഓരോ ദിവസവും ചിത്രത്തിന്റെ പല പല ഷൂട്ടിങ് വിശേഷങ്ങൾ പുറത്ത് വരുന്നുണ്ട്. അണിയറ പ്രവർത്തകർ തന്നെയാണ് പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിന് പുറകിൽ ഉള്ള ശ്രമങ്ങളും വിശേഷങ്ങളും ഓരോന്നായി പങ്ക് വയ്ക്കുന്നത്.ആ കൂട്ടത്തിൽ അവർ പുറത്തു വിട്ട ഒന്നായിരുന്നു മുതലകൾ നിറഞ്ഞ ഒരു കുളത്തിലെ ചിത്രീകരണാനുഭവം.
ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തിൽ നിവിൻ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുതലകൾ ധാരാളമുള്ള തടാകത്തിന്റെ വീഡീയോ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ദൃശ്യത്തിൽ മൂതല നീന്തുന്നതും കാണാം. റോഷന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷംനിരവധി ട്രോളുകൾ ചിത്രത്തിനെതിരെ പ്രചരിപ്പിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് തെളുവെന്ന വണ്ണം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
'കായംകുളം കൊച്ചുണ്ണി'യിൽ കള്ളനായ കൊച്ചുണ്ണിയായി നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കരപക്കിയായി മോഹൻലാലാണ് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനൊപ്പമുള്ള തന്റെ അഭിനയത്തെക്കുറിച്ച് നിവിനും മനസ് തുറന്നിരുന്നു.12 ദിവസങ്ങളാണ് കായംകുളം കൊച്ചുണ്ണിക്കായി അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തത്. ആ ദിനങ്ങൾ എന്റെ കരിയറിലെ ഏറ്റവും മികച്ചവയായിരുന്നു. മറക്കാൻ കഴിയില്ലെന്ന് നിവിൻ പറയുന്നു.അദ്ദേഹത്തെപ്പോലെയുള്ള ഒരു ഇതിഹാസതാരത്തിൽ നിന്ന് അഭിനയ പാഠങ്ങൾ പഠിക്കാൻ കഴിയുക എന്നത് വലിയ കാര്യം തന്നെയാണ്. അദ്ദേഹത്തെ മറ്റാരോടും താരതമ്യപ്പെടുത്താൻ നമുക്ക് സാധിക്കില്ലെന്നും' ഖലീജ് ടൈംസുമായുള്ള അഭിമുഖത്തിൽ താരം പറഞ്ഞു.കായംകുളം കൊച്ചുണ്ണിയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് മാത്രമായി നീണ്ട രണ്ടുവർഷങ്ങളാണ് വേണ്ടി വന്നതെന്നും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ കഴിവും അർപ്പണബോധവുമാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നും നിവിൻ പറഞ്ഞു.ചിത്രത്തിലെ ഒരോ രംഗവും പ്രീ വിഷ്വലൈസ് ചെയ്താണ് ചിത്രീകരിച്ചിരിക്കുന്നത്.
ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.