മലയാള സിനിമയുടെ അമ്മ മുഖങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കവിയൂര്‍ പൊന്നമ്മ. അവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം അത്രത്തോളം സ്‌നേഹം തുളുമ്പി മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയായുള്ള കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ മാത്രമല്ല, മമ്മൂട്ടിയുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇരുവരെയും കുറിച്ച് പറയുമ്പോള്‍ കവിയൂര്‍ പൊന്നമ്മക്ക് ഇന്നും നൂറുനാവാണ്. സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലെ മഹാനടന്മാരെ കുറിച്ച് കവിയൂര്‍ പൊന്നമ്മ വാചാലയായത്.
രണ്ടുപേരും പ്രതിഭാധനരായ അഭിനേതാക്കളാണ് എന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. മോഹന്‍ലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹന്‍ലാലിനെ ഞാന്‍ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്താഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന് അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി. മമ്മൂസിനെ കാണുന്നവര്‍ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളില്‍ വളരെ നല്ല മനുഷ്യനാണ് കവിയൂര്‍ പൊന്നമ്മ പറയുന്നു.
കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ അമ്പത്തിനാല് വര്‍ഷം. അമ്പത്തിനാല് വര്‍ഷത്തിനിടയില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത് എണ്ണൂറിലധികം സിനിമകളിലാണ്. മലയാളത്തിലെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങളുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്.