പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ നായകനാകുന്ന 'കത്തനാര്‍'. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവന്നിട്ട് ഒരു വര്‍ഷത്തോളമായി. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ കത്തനാരിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ.
കത്തനാരുടെ ഡബ്ബിങ്ങിന് തുടക്കമായിരിക്കുന്നുവെന്ന വിവരമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. വൈകാതെ ചിത്രത്തിന്റെ ടീസറോ, ചെറു വീഡിയോ പുറത്തുവരാന്‍ സാധ്യതയേറെയാണ്. അതിനിടെ ജയസൂര്യ ധരിച്ച ടി ഷര്‍ട്ടിനു പിന്നില്‍ എഴുതിയിരിക്കുന്ന ഇംഗ്ലിഷ് വാചകവും ആരാധകരുടെ ഇടയില്‍ ചര്‍യായി. 'ദ് ഫ്യൂച്ചര്‍ ഈ നൗ, ബെറ്റര്‍ ഡെയ്‌സ് എഹെഡ്' എന്നാണ് ടി ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.
അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിള എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. പ്രഭു ദേവയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാര്‍. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം നീണ്ട കത്തനാറിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പൂര്‍ത്തിയായത്. ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ നായികാ താരം അനുഷ്‌ക ഷെട്ടി, തമിഴില്‍ നിന്ന് പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍, മലയാളത്തില്‍ നിന്ന് സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025ല്‍ റിലീസ് ചെയ്യും.
വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്മണ്യന്‍ ഉണ്ണി, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനക്കല്‍, പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്