ഓണചിത്രങ്ങളുടെ പട്ടികയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വവും ഡൊമിനിക് അരുണ്‍-കല്യാണി പ്രിയദര്‍ശന്‍ ചിത്രമായ ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയും. ഇന്ത്യന്‍ സിനിമയിലെ വനിതാ സൂപ്പര്‍ ഹീറോ ചിത്രമെന്ന പ്രത്യേകതയോടെയാണ് ലോക എത്തിയിരിക്കുന്നത്. കല്യാണിയുടെ പ്രകടനത്തെയും ചിത്രത്തിന്റെ വിഷയത്തെയും പ്രശംസിച്ച് സോഷ്യല്‍ മീഡിയ നിറയുകയാണ്.
ഹൃദയപൂര്‍വത്തിലെ നായിക മാളവിക മോഹനനും ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് എത്തി. ലോക അതിഗംഭീര സിനിമയാണെന്നും ഇത്തരമൊരു ശക്തമായ കഥാപാത്രത്തെ ഒരു സ്ത്രീ അവതരിപ്പിക്കുന്നത് വളരെയധികം പ്രചോദനകരമാണെന്നും മാളവിക ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന്റെ ബോക്സ്ഓഫീസ് വിജയവും സന്തോഷകരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാളവികയുടെ പോസ്റ്റിന് മറുപടിയായി കല്യാണി നന്ദി രേഖപ്പെടുത്തി. 'ഈ ഓണം വിജയത്തിന്റെ ആഘോഷമായിരിക്കട്ടെ' എന്നും കല്യാണി പ്രതികരിച്ചു.
ബേസില്‍ ജോസഫ്, വിജയ് യേശുദാസ്, നോബിള്‍ ബാബു തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കല്യാണിക്ക് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ക്ലൗഡ് കിച്ചന്‍ നടത്തുന്ന ഹൃദ്രോഗിയായ സന്ദീപ് ബാലകൃഷ്ണന്റെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയും തുടര്‍ സംഭവങ്ങളുമാണ് ഹൃദയപൂര്‍വത്തിന്റെ ഇതിവൃത്തം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ അനൂപ് സത്യന്‍. ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ഹൃദയപൂര്‍വം.
സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര. നസ്ലിന്‍, സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രവുമാണിത്.