നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി ജൂണ്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷാ പഠാനി എന്നിവര്‍ അഭിനയിച്ച സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമ ഈ വര്‍ഷം ഇന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.
പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തിന് തെലങ്കാന സര്‍ക്കാര്‍ അധിക ഷോകള്‍ അനുവദിക്കുകയും സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യ 8 ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതിയും നല്‍കിയിരിക്കുകയാണ്.
റിലീസ് ദിവസമായ ജൂണ്‍ 27 മുതല്‍ എട്ട് ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും ഈ ദിവസങ്ങളില്‍ തെലുങ്കാനയില്‍ ചിത്രത്തിന് അധിക പ്രദര്‍ശനം നടത്താനുമാണ് അനുമതി. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിലീസ് ദിവസം പുലര്‍ച്ചെ 5.30 നാണ് ആദ്യ പ്രദര്‍ശനം. ജി.എസ്.ടി ഉള്‍പ്പെടെ 200 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ടുദിവസം അഞ്ച് പ്രദര്‍ശനം നടത്താം. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 75 രൂപയും മള്‍ട്ടി പ്‌ളെക്‌സുകളില്‍ നൂറുരൂപയും അധികം ഈടാക്കാം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിരക്ക് താങ്ങാനാവുന്നില്ലെന്നും ആളുകള്‍ തിയേറ്ററില്‍ വരാതെ സിനിമ പരാജയപ്പെടാന്‍ കാരണമായിത്തീരുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ഇതിനിടെ സിനിമയുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട് സംഭവിച്ച അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കല്‍ക്കി കാണാന്‍ കാത്തിരുന്ന് ബുക്ക് ചെയ്തവര്‍ക്ക് കല്‍ക്കി തന്നെ കാണാം, പക്ഷെ പ്രഭാസ് ചിത്രമല്ലെന്ന് മാത്രം.
തെലുങ്ക് താരം രാജശേഖര്‍ നായകനായെത്തിയ 'കല്‍ക്കി'യാണ് പ്രേക്ഷകരില്‍ പലരും അബദ്ധത്തില്‍ ബുക്ക് ചെയ്തത്. 2019-ല്‍ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്ക് ആകെയുണ്ടായിരുന്ന ആറ് ഷോകളും ഒരു പേരിന്റെ തെറ്റിദ്ധാരണയിലാണ് നിമിഷ നേരം കൊണ്ട് ഹൗസ്ഫുള്‍ ആയത്. പലരും ബുക്ക് ചെയ്തതിന് ശേഷം വീണ്ടും ചെക്ക് ചെയ്തപ്പോഴാണ് പറ്റിയ അമളി മനസിലാക്കിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ 2019-ലെ കല്‍ക്കി താരം രാജശേഖര്‍ തന്നെ രംഗത്തെത്തി. തനിക്ക് ഈ ഹൗസ്ഫുള്ളുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു തമാശ രൂപേണ നടന്‍ പ്രതികരിച്ചത്. മത്രമല്ല പ്രഭാസിന്റെ കല്‍ക്കി 2898 എ ഡിയ്ക്ക് അദ്ദേഹം ആശംസകളും നേര്‍ന്നിട്ടുണ്ട്.