91 വര്‍ഷത്തെ ജീവിതം. അതില്‍ 44 കൊല്ലവും എംടിയുടെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചര്‍ക്കൊപ്പം ആയിരുന്നു. സാധാരണ ഭാര്യ- ഭര്‍തൃബന്ധങ്ങള്‍ക്കിടയിലെ ചോദ്യം ചെയ്യലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാത്ത, പരസ്പരം പിന്തുണച്ച് വളര്‍ന്നുകൊണ്ടിരുന്ന രണ്ടുപേര്‍. അതായിരുന്നു എംടി വാസുദേവന്‍ നായരും കലാമണ്ഡലം സരസ്വതി ടീച്ചറും. നാലരപ്പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ഇന്നലെ തിരശ്ശീല വീണപ്പോള്‍ സരസ്വതി ടീച്ചറുടെ മനസ് ശൂന്യമാണ്. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും അതിനു ശേഷം ഇന്നലെയോളമുള്ള ജീവിത നിമിഷങ്ങളെല്ലാം മനസിലേക്ക് ഓര്‍മ്മകളായി തിരിച്ചെത്തുമ്പോള്‍ സന്തോഷകരമായ ഒരു ജീവിതം സമ്മാനിച്ചതിനുള്ള നന്ദി മാത്രമെ സരസ്വതി ടീച്ചര്‍ക്ക് പറയാനുള്ളൂ.
പാചകവിദഗ്ധനായ അച്ഛന്‍ സുബ്രഹ്‌മണ്യയ്യര്‍ക്കും അമ്മ മീനാക്ഷിയമ്മാള്‍ക്കും മൂന്നു കൂടപ്പിറപ്പുകള്‍ക്കും ഒപ്പം പാലക്കാട്ടു നിന്നാണ് സരസ്വതി ടീച്ചര്‍ കോഴിക്കോടെക്ക് എത്തിയത്. അന്ന് വെറും അമ്പത് ദിവസം. മാത്രമമായിരുന്നു പ്രായം. അച്ഛനായിരുന്നു സരസ്വതിയെ നൃത്തപഠനത്തിന് അയച്ചത്. അങ്ങനെ പത്താം വയസില്‍ കലാമണ്ഡലത്തിലെത്തി. ഒന്നു രണ്ടു ദിവസങ്ങള്‍ക്കൊണ്ടു തന്നെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു. അങ്ങനെ അഞ്ച് വര്‍ഷത്തെ ചിട്ടയായ നൃത്തപഠനം, ഒന്നാം റാങ്കും നേടി നൃത്തപഠനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴേക്കും അച്ഛന്‍ അവശനായിരുന്നു.
അങ്ങനെ പതിനാറാം വയസ്സുമുതല്‍ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. അച്ഛന്റെ മരണശേഷം വീട്ടിലെ ബാധ്യതകള്‍ ഏറ്റെടുത്തു. സഹോദരങ്ങളുടെ പഠനവും വീട്ടിലെ കാര്യങ്ങളുമെല്ലാം സരസ്വതിയുടെ കൂടി ഉത്തരവാദിത്തമായിരുന്നു. അതിനു സഹായിച്ചത് നൃത്താധ്യാപികയായി മാറിയതോടെയായിരുന്നു. അങ്ങനെയാണ് എംടിയുടെ മകള്‍ സിതാരയേയും നൃത്തം പഠിപ്പിക്കുവാന്‍ സരസ്വതി കോഴിക്കോട്ടെ വീട്ടിലെത്തിയത്. എംടി വാസുദേവന്‍ നായരുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു പാപ്പ എന്നു വിളിച്ചിരുന്ന സിതാര. അന്ന് ആദ്യമായി സരസ്വതി സിതാരയെ കാണുമ്പോള്‍ അച്ഛന്റെ മടിയിലിരിക്കുന്ന ഗൗരവക്കാരി കുട്ടിയായിരുന്നു അവള്‍.
മകളെ നൃത്തം പഠിപ്പിച്ച് മടങ്ങിയ സരസ്വതിയെ തേടിയാണ് അദ്ദേഹത്തിന്റെ വിവാഹമോചനത്തിനു പിന്നാലെ കുണ്ടൂപ്പറമ്പ് ശ്രീധരന്‍ മാസ്റ്റര്‍ വിവാഹാലോചനയുമായി എത്തിയത്. അന്ന് 26കാരിയായിരുന്നു സരസ്വതി ടീച്ചര്‍. നന്നായി ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു എല്ലാവരും പറഞ്ഞത്. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ രണ്ട് ആവശ്യങ്ങളാണ് സരസ്വതി ടീച്ചര്‍ മുന്നോട്ടു വച്ചത്. എം.ടിയുടെ തറവാട്ട് ക്ഷേത്രമായ കൊടിക്കുന്നത്ത് ഭഗവതിയുടെ സമക്ഷത്തിലാവണം വിവാഹം. രണ്ടാമത്തേത് എം.ടിയോടൊപ്പം അദ്ദേഹത്തിന്റെ തറവാട്ടില്‍ കയറി ഏട്ടന്മാരെ വണങ്ങി അനുഗ്രഹം വാങ്ങണം. ഉച്ചത്തെ ഊണ്, സാധിക്കുമെങ്കില്‍, അവിടെ നിന്ന് കഴിക്കണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണ വേണമെന്നു മാത്രമായിരുന്നു സരസ്വതി ടീച്ചര്‍ ആഗ്രഹിച്ചത്. അങ്ങനെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് വിവാഹം കഴിച്ചു. എട്ടന്മാരോട് എം.ടി തന്നെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ പൂര്‍ണമായും സഹകരിച്ചു.
വിവാഹത്തിന് മുമ്പ് നൃത്തവും പരിശീലനവും പഠനവും ഒക്കെയായി എങ്ങനെയാണോ സരസ്വതി ടീച്ചര്‍ കരിയറുമായി ഓടിനടന്നിരുന്നത് അത് വിവാഹശേഷവും തുടരാന്‍ സാധിച്ചതിനും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭിച്ചതിലും എം.ടിയുടെ നിസ്വാര്‍ഥ സഹകരണമുണ്ട്. വൈകാതെ തന്നെ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. വാവ എന്നു വിളിക്കുന്ന അശ്വതി. അപ്പോഴേക്കും സിതാര പഠനത്തിനായി വിദേശത്തേക്ക് പോയിരുന്നു. ഉപരി പഠനമെല്ലാം യുഎസിലായിരുന്നു. പഠനം കഴിഞ്ഞപ്പോള്‍ ഒപ്പം പഠിച്ചിരുന്ന പൂനെ സ്വദേശി സഞ്ജയിയുമായി വിവാഹവും. കോഴിക്കോടു വച്ച് വിവാഹ റിസപ്ഷനും ഉണ്ടായിരുന്നു. ആ റിസപ്ഷന് 11 വയസുള്ള മകള്‍ അശ്വതിയേയും കൂട്ടിയാണ് എം ടി പോയത്. റിസപ്ഷന്‍ കഴിഞ്ഞ് അധികം വൈകാതെ മടങ്ങിയെത്തിയ എംടിയോട് യാതൊ ന്നും സരസ്വതി ടീച്ചര്‍ ചോദിച്ചില്ല. അദ്ദേഹമൊന്നും പറഞ്ഞുമില്ല. അതങ്ങനെയായിരുന്നു. പറയാനുള്ള കാര്യമാണെങ്കില്‍ അറിയേണ്ടതാണെങ്കില്‍ പറയും. അല്ലാത്ത പക്ഷം, എന്താണെന്നോ ഏതാണെന്നോ രണ്ടുപേരും പരസ്പരം ചോദിക്കാന്‍ പോലും പോകാറില്ല. അതായിരുന്നു ആ ദാമ്പത്യത്തിന്റെ അടിത്തറ