വാസുവേട്ടന്‍ (എം ടി) മരിക്കരുതെന്നും ഒരുപാട് കാലം ജീവിക്കണമെന്നും നേര്‍ച്ചകള്‍ നേര്‍ന്നിരുന്നുവെന്ന് നടി കുട്ട്യേടത്തി വിലാസിനി. നാടകനടിയായിരുന്നു വിലാസിനിയെ സിനിമയില്‍ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കി മാറ്റിയത് എം ടിയായിരുന്നു. 'സിനിമയില്‍ പൂജ്യമായിരുന്ന എന്നെ കുട്ട്യേടത്തി വിലാസിനിയാക്കിയാക്കി മാറ്റിയത് വാസുവേട്ടനാണ്. അദ്ദേഹത്തോട് അടുത്തുകഴിഞ്ഞാല്‍ പിന്നെ അകലാന്‍ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു. വാസുവേട്ടന്‍ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു.
കാരണം എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ? അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്‌നേഹവും ആരാധനയുമാണ്.അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. കോഴിക്കോടുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം അവസരം നല്‍കിയിട്ടുണ്ട്. ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു അടക്കം ഉളളവരെ വാസുവേട്ടനാണ് സിനിമയില്‍ കൊണ്ടുവന്നത്'- അവര്‍ പറഞ്ഞു.
എം ടിയുടെ തിരക്കഥയില്‍ 1971ലാണ് പി എന്‍ മേനോന്‍ 'കുട്ട്യേടത്തി' എന്ന ചിത്രം സംവിധാനം ചെയ്തത്. വിലാസിനിയായിരുന്നു പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ജയഭാരതി, ഫിലോമിന, എസ് പി പിളള, കുതിരവട്ടം പപ്പു, നിലമ്പൂര്‍ ബാലന്‍, ശാന്താ ദേവി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു