'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന റാപ്പ് ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ റാപ്പര്‍ വേടന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വേടന്റെ വരികളില്‍ കവിതയുണ്ടെന്നും, ഭൂതകാലമോ ജയില്‍ വാസമോ പുരസ്‌കാര നിര്‍ണയത്തിന് പരിഗണിക്കേണ്ടതില്ലെന്നും കൈതപ്രം വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചതിനെതിരെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വേടന്‍ പുരസ്‌കാരത്തിന് അര്‍ഹതയില്ലാത്തയാളാണെന്നും, ഒരു റാപ്പറിന് മികച്ച ഗാനരചയിതാവാകാന്‍ സാധിക്കുന്നത് യഥാര്‍ത്ഥ കവികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചിലര്‍ വിമര്‍ശനമുന്നയിച്ചു. ഇതിനു പുറമെ, വേടനെതിരെ ലൈംഗിക പീഡനക്കേസ് നിലവിലുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു.
ഈ വിഷയത്തില്‍ മാതൃഭൂമി ദിനപത്രത്തോടായിരുന്നു കൈതപ്രത്തിന്റെ പ്രതികരണം. 'വേടന്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കഴിഞ്ഞയാളാണോ എന്നൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല. അവാര്‍ഡിന് അര്‍ഹതയുള്ള വരികളാണ് അദ്ദേഹത്തിന്റേത്. ജയിലില്‍ കഴിഞ്ഞ ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമില്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്‌കാരത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നത് എന്നത് കൗതുകകരമാണ്,' അദ്ദേഹം പറഞ്ഞു.
സദാചാരപരമായ കാര്യങ്ങളില്‍ നീതിന്യായ വ്യവസ്ഥയാണ് മറുപടി പറയേണ്ടതെന്നും, താന്‍ എഴുത്തിനെയാണ് പരിഗണിക്കുന്നതെന്നും കൈതപ്രം വ്യക്തമാക്കി. 'വിയര്‍പ്പ് തുന്നിയ കുപ്പായം, നിറങ്ങള്‍ മായില്ല കട്ടായം' എന്ന വരികളെഴുതിയതിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ തെറ്റില്ലെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് കമ്മിറ്റിക്കാര്‍ രാഷ്ട്രീയപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും, സദാചാരവിരുദ്ധരെ കൈകാര്യം ചെയ്യേണ്ടത് പോലീസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.