അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ആസിഫ് അലിക്കൊപ്പം നായികയായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു താരം. രജിഷയുടെ ഏറ്റവും പുതിയ ചിത്രമായി ജൂണിലാണ് താരം ഒരിടവേളക്ക് ശേഷം വേറിട്ട ഗെറ്റപ്പിലെത്തുന്നത്.
സ്‌ക്കൂള്‍ യൂണിഫോമിലെത്തിയ താരത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. ചിത്രത്തിന്റെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ 16 വയസ്മുതല്‍ 25 വയസ്സ് വരെയുള്ള പെണ്‍കുട്ടിയായാണ് രജിഷ ചിത്രത്തിലെത്തുന്നത്.
ചിത്രത്തിലെ ആദ്യ ഗാനം മിന്നിമിന്നി ആരാധകര്‍ ഇരുകൈയ്യോടെയാണ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറിയിരിക്കുകയാണ്. രജിഷയുടെ മേയ്ക്ക് ഓവറും വേറിട്ട അഭിനയവുമാണ് ചിത്രത്തിന്റെ ഹെലൈറ്റ്.
കൂട് വിട്ട് പാറും തേന്‍കിളി എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ ആദ്യ ഗാനത്തില്‍ രജിഷയുടെ സ്‌കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൗവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗാനത്തിലെ വരികള്‍ക്ക് പിന്നില്‍ വിനായക് ശശികുമാറാണ്. ഇഫ്തിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ബിന്ദു അനിരുദ്ധനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് രജിഷയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.