കിളിപോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ജയറാം നായകനാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങും. 2013ലാണ് വിനയ് കിളിപോയി സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. 2016ല്‍ റിലീസ് ചെയ്ത കോഹിനൂരിലും ആസിഫായിരുന്നു നായകന്‍.
അതേസമയം ജയറാമിന്റെ പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഷൂട്ടിംഗ് നാളെ പൂര്‍ത്തിയാകും. ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അന്ന രാജനും കനിഹയുമാണ് നായികമാര്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ലോനപ്പന്റെ മാമോദീസ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.
വിനയ് ഗോവിന്ദ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുക. ദിനേശ് പള്ളത്താണ് ഇതിന് തിരക്കഥ രചിക്കുന്നത്. അച്ചായന്‍സ്, ആടുപുലിയാട്ടം, തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നിവയ്ക്ക് ശേഷം ജയറാമും കണ്ണന്‍താമരക്കുളവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.