തമിഴ് നടന്‍ ജയം രവി ഭാര്യ ആര്‍തിയുമായുള്ള ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരിക്കുകയാണ്. കെനിഷയയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ജയം രവി പറഞ്ഞത്.
ഈ മാസം ആദ്യമാണ് ഭാര്യ ആരതിയുമായി താന്‍ വേര്‍പിരിയുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ജയം രവി രംഗത്തെത്തിയത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് ആരോപിച്ച് ആരതി കുറിപ്പ് പങ്കുവച്ചു. ഇതോടെ ഇരുവരുടെ വിവാഹജീവിതത്തേക്കുറിച്ച് പലകാര്യങ്ങളും പ്രചരിച്ചു. അതിനിടെയാണ് നടനും ഗായിക കെനിഷയും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ തമിഴ് മാഗസിനിലൂടെ പുറത്തുവന്നത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.
'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ. കഠിനാധ്വാനത്തിലാണ് ഇപ്പോഴത്തെ ജീവിതം അവര്‍ നേടിയെടുത്തത്.
നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണ് അവര്‍. ലൈസന്‍സുള്ള സൈക്കോളജിസ്റ്റാണ്. അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുത്. ഭാവിയില്‍ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി അത് നശിപ്പിക്കരുത്. ആര്‍ക്കും അത് നശിപ്പിക്കാനും ആകില്ല. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്.'- ജയം രവി പറഞ്ഞു.