ഇരിങ്ങാലക്കുട: സിനിമയില്‍ മാത്രമല്ല പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം നാട്ടുകാരെ ചിരിപ്പിച്ച ഇന്നസെന്റ്. തിരക്കുമൂലം, പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകിയാണു ഭൗതികശരീരം ഇന്നസന്റിന്റെ വീട്ടിലെത്തിച്ചത്.
ഇരിങ്ങാലക്കുടയിലെ 'പാര്‍പ്പിട'ത്തില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി. വേഷം പതിവ് സ്വര്‍ണക്കളര്‍ ജുബ്ബ. ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം. ഞായറാഴ്ച രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാന്‍ സിനിമാലോകത്തേയും കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ് എത്തിയത്.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍.ബിന്ദു മുഴുവന്‍സമയവും അവസാനയാത്രയില്‍ ഇന്നസന്റിന്റെ കൂടെനിന്നു. വര്‍ഷങ്ങളായി കുടുംബസുഹൃത്തും അഭിനേതാവും മുനിസിപ്പല്‍ ചെയര്‍പഴ്സണുമായ സോണിയ ഗിരി തന്റെ ഗുരുകൂടിയായ ഇന്നസന്റിനെ യാത്രയാക്കാന്‍ മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. ഭാര്യ ആലീസും മകന്‍ സോണറ്റും കുടുംബവും ടൗണ്‍ ഹാളിലെത്തിയതു കൂട്ടക്കരച്ചിലോടെയാണ്.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈ ഉയര്‍ത്തി വിപ്ലവാഭിവാദ്യത്തോടെയാണു സഖാവിനു വിട ചൊല്ലിയത്. മന്ത്രി കെ.രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് തുടങ്ങിയവരായിരുന്നു ടൗണ്‍ഹാളിലെ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇന്നസന്റ് പാര്‍ട്ടിയുടെ മുന്‍നിരയിലേക്കു വന്നത് അടുത്തകാലത്താണെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും പെട്ടെന്നാണു നേതാവും സഖാവുമായത്.
പാവപ്പെട്ടവര്‍ക്കു ഡയാലിസിസും കാന്‍സര്‍ പരിശോധനയുമായിരുന്നു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇന്നസന്റിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവരാണ് ഇന്നസെന്റിനെ കാണാന്‍ ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. ആറു മണിയോടെ കൂടല്‍മാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ ഇന്നസന്റ് വീട്ടിലേക്കു മടങ്ങി. ഇന്ന് അന്ത്യായാത്ര.
ലേക്ഷോര്‍ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 7.55ന് മൃതദേഹം പൊതുദര്‍ശനത്തിന് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിച്ചു. വലിയ ജനസഞ്ചയം ഇവിടേക്കെത്തി. പതിനൊന്നരയോടെ ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്ര പുറപ്പെട്ടു. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം ആളുകള്‍ തടിച്ചുകൂടി.
രണ്ടരയോടെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍. പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചു. ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മരുമകള്‍ രശ്മി, പേരക്കുട്ടികളായ അന്ന, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ നിറകണ്ണുകളോടെ പ്രിയപ്പെട്ടവനെ കെട്ടിപ്പുണര്‍ന്നു. അവിടെ അവസാന കാഴ്ചയില്‍ പലരും നിറകണ്ണുകള്‍ മറയ്ക്കാനാവാതെ നിന്നു.
സംവിധായകന്‍ പ്രിയദര്‍ശന്‍ കണ്ണീരിനിടയിലൂടെയാണ് ഇന്നസെന്റിനെ കണ്ടത്. സത്യന്‍ അന്തിക്കാടും വിതുമ്പിപ്പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും നടന്‍ മമ്മൂട്ടി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മോഹന്‍ലാല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.