നടന്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം. 2023 മാര്‍ച്ച് 26-നാണ് ഇന്നസെന്റ് അന്തരിച്ചത്. ഓര്‍മദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സെയ്ന്റ് തോമസ് കത്തീഡ്രലില്‍ 26-ന് വൈകീട്ട് അഞ്ചിന് പ്രത്യേക പ്രാര്‍ഥനയും തുടര്‍ന്ന് കല്ലറയില്‍ ഒപ്പീസും നടക്കും. അടുത്ത ബന്ധുക്കള്‍ പങ്കെടുക്കും.
ഇന്നസെന്റിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കുറിച്ചത് ഇങ്ങനെയാണ്. ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോള്‍ ഞാന്‍ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയില്‍ തിരക്കഥ വഴി മുട്ടി നിന്നാല്‍ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യന്‍. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതില്‍ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികള്‍ തരണം ചെയ്യാന്‍.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാല്‍ ചോദിച്ചു - 'ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂര്‍ണ്ണമാകും?''അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.'
എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകള്‍ക്കും ഇന്ന് രണ്ട് വയസ്സ്.- സത്യന്‍ അന്തിക്കാട് കുറിച്ചു. നിരവധി പേരാണ് ഇന്നസെന്റിന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കുന്നത്.
1972 ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്നസെന്റ് സിനിമയിലെത്തിയത്. ഹാസ്യ നടനായും സ്വഭാവ നടനായും വില്ലനായുമെല്ലാം അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഇന്നസെന്റ് പല സിനിമകളിലും പറഞ്ഞിരിക്കുന്ന ഡയലോഗുകള്‍ ആവര്‍ത്തിക്കാത്ത മലയാളികള്‍ ഇന്നത്തെ തലമുറയിലും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സത്യം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം രണ്ടുവര്‍ഷം മുന്‍പേ വിടവാങ്ങിയത്.
നടന്‍ എന്ന നിലയില്‍ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനും കൂടിയാണ് താനെന്ന് ഈ കാലത്തിനിടയ്ക്ക് ഇന്നസെന്റ് തെളിയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ സിനിമാ നടനെന്ന ലേബലില്‍ മാത്രം നടന്നു കയറിയ വ്യക്തിത്വം ആയിരുന്നില്ല ഇന്നസെന്റിന്റേത്. പലതവണ രാഷ്ട്രീയത്തില്‍ അവസരം വന്നെങ്കിലും സിനിമാ തിരക്ക് കാരണം ഒഴിഞ്ഞുമാറിയ ഇന്നസെന്റ് ഒടുവില്‍ 2014ല്‍ സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിക്കുകയായിരുന്നു. യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന ചാലക്കുടിയിലെ ഇന്നസെന്റ് വിജയ കിരീടം ചൂടി. 2019ല്‍ ബെന്നി ബഹ്നാന് മുന്നില്‍ പരാജയപ്പെട്ടു.
എങ്കിലും ചാലക്കുടിക്കാര്‍ക്കും ഇരിങ്ങാലക്കുടക്കാര്‍ക്കും ഇന്നസെന്റ് എന്നും പ്രിയപ്പെട്ടവന്‍ തന്നെയാണ്.