എമ്പുരാന്റെ ചിത്രീകരണം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. താരം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. 'ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക്' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
എമ്പുരാന്‍, എല്‍2 ഇ എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്. സിനമയുടെ മൂന്നാം ഷെഡ്യൂളാണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം.
മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഭാഗമാകുന്ന ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസും കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു. 12 ദിവസത്തില്‍ താഴെ മാത്രമുള്ള ഷെഡ്യൂളാണ് യുഎസില്‍ ഉണ്ടാവുക. തുടര്‍ന്ന് എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി അദ്ദേഹം ഇന്ത്യയിലെത്തിയേക്കും. സിനിമയുടെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ എന്നാണ് വിവരം. ഇത് ചെന്നൈയില്‍ വെച്ചായിരിക്കും.
മുരളി ഗോപിയാണ് തിര്കഥ. ആശിര്‍വാദ് സിനിമാസും ലൈക്കപ്രൊഡക്ഷനും സംയുക്തമായാകും എമ്പുരാന്‍ നിര്‍മ്മിക്കുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.