ബോളിവുഡ്ഡിലെ യങ് സൂപ്പര്‍സ്റ്റാര്‍ ഹോട്ട്, ആന്‍ഡ് ഹാന്‍ഡ്‌സം, കിങ് ഓഫ് ഡാന്‍സ് എന്നൊക്കെ വിശേഷങ്ങള്‍ ഉളള ആളാണ് ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍. നിരവധി. മലയാളത്തിലും താരത്തിന് നിരവധി ആരാധകരാണ് ഉളളത്. 2000ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധപക്ഷം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഹൃത്വിക് റോഷന്റെ അമ്മ വികാരനിര്‍ഭരമായ കുറിപ്പും ചിത്രവും പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ അറിയിച്ചത്.
2013 ല്‍ ഷൂട്ടിങ്ങിനിടെ തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹൃത്വിക് മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജീവന്‍ അപകടത്തിലായ സമയത്തും മകന്‍ പുലര്‍ത്തിയ ശുഭാപ്തി വിശ്വാസത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും പറഞ്ഞാണ് പിങ്കിയുടെ കുറിപ്പ്. അതോടൊപ്പം ശസ്ത്രക്രിയയുടെ ചിത്രങ്ങളും പിങ്കി പങ്കുവച്ചു. ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദഗ്ഗുവിന്റെ മാതാവ് എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇത്. ഭയന്നിരുന്ന തനിക്ക് എങ്ങനെയാണ് മകന്‍ കരുത്ത് പകര്‍ന്നതെന്നും ഹൃത്വിക് എങ്ങനെയാണ് ശസ്ത്രക്രിയയെ നേരിട്ടതെന്നും പിങ്കി പറയുന്നു. ദഗ്ഗു ശസ്ത്രിക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന് കുഴഞ്ഞ് വീണ അവസ്ഥയിലായിരുന്നു ഞാന്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്‌നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങിനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസ്സഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല.
എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പ്രതിബിംബമാണ് ഞാന്‍ അവയില്‍ കണ്ടത്. അതെനിക്ക് കരുത്ത് നല്‍കി. ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഖം കുറഞ്ഞു. ഒരു ചിരിയും ഒരു കണ്ണിറുക്കലും, അത് മാത്രം മതിയായിരുന്നു എനിക്ക് ധൈര്യം ലഭിക്കാന്‍. ഈ ചിത്രങ്ങള്‍ നോക്കൂ. മസ്തിഷ്‌ക ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ പോകുന്ന ആളുടെ മുഖമാണോ ഇത്. അല്ല, അതിനെ നേരത്തെ തന്നെ കീഴടക്കിക്കഴിഞ്ഞ ഒരാളുടേതാണ്. ഒമ്പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന, ജന്മം നല്‍കിയ കുട്ടി ഇന്ന് ആ കരുത്തെല്ലാം എനിക്ക് തിരികെ നല്‍കുകയാണ്. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്‌നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ് പിങ്കി കുറിച്ചു.