പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയം സിനിമയാകുന്നു. സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് പൊതുവാള്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജേഷ് മാധവും ചിത്ര നായരും പ്രധാന വേഷത്തിലെത്തും.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് എത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് സുരേശേട്ടനും സുമലത ടീച്ചറും. കഴിഞ്ഞ ദിവസം ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു.
പിന്നാലെ ഇവരുടെ കല്യാണ ക്ഷണക്കത്തും പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും വിവാഹിതരാവുകയാണോ, അതോ പുതിയ ചിത്രത്തിന്റെ പ്രമോഷനാണോ എന്നായിരുന്നു സിനിമ പ്രേമികള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിത വിഷയത്തില്‍ വ്യക്തത എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.
പയ്യന്നൂര്‍ കോളജിലായിരുന്നു ചിത്രത്തിന്റെ പൂജയും പ്രഖ്യാപനവും.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റേയും സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ഇമ്മാനുവല്‍ ജോസഫ് , അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിര്‍മാണം. രതീഷ് പൊതുവാളും ജെയ് കെ , വിവേക് ഹര്‍ഷന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളുമാണ്. സബിന്‍ ഉരുളാകണ്ടിയാണ് ക്യാമറ.