ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രണയവും വിവാഹവും ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞവരുടെ വാക്കുകള്‍ കാറ്റില്‍പ്പറത്തി വിവാഹിതരായവരായിരുന്നു ഹരിണി ചന്ദനയും സുനീഷും. എട്ടാം ക്ലാസില്‍ വച്ചു തുടങ്ങിയ പ്രണയമാണ് നാലു വര്‍ഷം മുമ്പ് വിവാഹത്തിലേക്ക് എത്തിയത്. സുനീഷിന്റെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നടത്തിയ വിവാഹത്തില്‍ ഹരിണിയുടെ മാതാപിതാക്കള്‍ എത്തിയിരുന്നില്ലെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ നിരവധിപ്പേര്‍ ചേര്‍ന്ന് ആഘോഷണാക്കിയ ചടങ്ങായിരുന്നു ഇവരുടെ വിവാഹം. 2017ല്‍ നടന്ന വിവാഹം ഇപ്പോഴിതാ, വേര്‍പിരിയലിലേക്ക് എത്തിയിരിക്കുകയാണ്.
ഗള്‍ഫില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു സുനീഷ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ജോഡിയില്‍ പങ്കെടുക്കവേയാണ് ഹരിണിയുടെ വിവാഹ വാര്‍ത്ത മലയാളികളിലേക്ക് എത്തിയത്. അവതാരകനായ ആര്‍ജെ മാത്തുക്കുട്ടിയാണ് ഹരിണി വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഇത് ഇപ്പോള്‍ വരെ വലിയ രഹസ്യമാണെന്നും ഇപ്പോള്‍ മുതല്‍ ഏറ്റവും വലിയ പരസ്യമാണെന്നും പറഞ്ഞായിരുന്നു മാത്തുക്കുട്ടി കാര്യം തുറന്നുപറഞ്ഞത്. ശേഷം വേദിയിലുള്ളവരെല്ലാം ഒരുമിച്ച് ഹരിണിയുടെ വിവാഹ വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തു.
ഇപ്പോഴിതാ, നാലു വര്‍ഷത്തിനിപ്പുറം തന്റെ വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് വേദനയോടെയാണ് ഹരിണി അറിയിച്ചിരിക്കുന്നത്. ഈ തുറന്നു പറച്ചില്‍ അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് സോഷ്യല്‍ മീഡിയയെ അറിയിക്കുന്നതെന്ന് ഹരിണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായി പിരിഞ്ഞിട്ടില്ല. പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ പിരിയുകയല്ലേ നല്ലതെന്നും ഹരിണി കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:
Divorce എല്ലാവര്‍ക്കും നമസ്‌കാരം, ഇത് സെപ്റ്റംബര്‍ 1 എന്റെ whats up status ആയിരുന്നു, ഒരുപാട് പേര് ചോദിച്ചു എന്തു പറ്റി, നിങ്ങള്‍ സ്നേഹിച്ചല്ലേ കെട്ടിയതെന്നു, പക്ഷെ പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ പിരിയുകയല്ലേ നല്ലത്,എന്റെ നാലുവര്‍ഷത്തെ ദാമ്പത്ത്യം,ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്, മാനസികമായി, 4വര്‍ഷം ഞാന്‍ അനുഭവിച്ചു, ഒരു പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ എന്റെ അമ്മവീട്ടില്‍ കൊണ്ട് വന്നാക്കി, പലപ്പോഴും എല്ലാവരോടും എനിക്ക് പറയാന്‍ പേടിയായിരുന്നു, എല്ലാവരും എന്തു പറയും എന്നോര്‍ത്ത്, അടുത്ത സുഹൃത്തുക്കളോട് മാത്രം ഞാന്‍ പറഞ്ഞു, എന്നാല്‍ ഈ തുറന്നു പറച്ചില്‍ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി.
നിയമപരമായി പിരിഞ്ഞിട്ടില്ല, 3വര്‍ഷമായി അദ്ദേഹത്തിന്റെ നിലനില്‍പിന് വേണ്ടി അദ്ദേഹം ഡിവോഴ്സ് തരാതെ പോകുവായിരുന്നു, ഓരോ വര്‍ഷവും ഓരോ കാത്തിരിപ്പാണ്, ജീവിക്കുമോ ഡിവോഴ്സ് ആകുമോ എന്നോര്‍ത്ത്, ഇനിയും എനിക്ക് ഇങ്ങനെ ജീവിക്കാന്‍ വയ്യാ, അതുകൊണ്ടാണ് സെപ്റ്റംബര്‍ 1 എന്റെ birthday അന്ന് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എടുത്തതല്ല എന്നെ കൊണ്ട് എടുപ്പുച്ചതാണ് അദ്ദേഹം ആരുംഎന്റെ കൂടെ നില്‍ക്കണമെന്ന് പറയില്ല പക്ഷെ ഓരോന്ന് ചോദിച്ചു വേദനിപ്പിക്കരുത് ,അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇവിടെ വന്ന് പറയുന്നത് എന്തിനാണെന്ന്, എല്ലാവിധ ആര്‍ഭാടത്തോടും കൂടി എല്ലാവരും അറിഞ്ഞു നടന്ന വിവാഹമായതിനാല്‍ പലരും ചോദിക്കും ഭര്‍ത്താവ് എന്തെ എന്ന്, അത് അവസാനിപ്പിക്കാന്‍ ആണ് ഇങ്ങനെ ഒരു post.
2017ല്‍ കൊച്ചിയില്‍ നടന്ന ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഹരിണി. 'ട്രാന്‍സ്ജെന്‍ഡര്‍ തിയേറ്റര്‍ ഗ്രൂപ്പ്' ആയ 'മഴവില്‍ ധ്വനി'യുടെ 'പറയാന്‍ മറന്നത്' എന്ന നാടകത്തില്‍ അഭിനയിച്ചു. ഹരിണിയുടെ ടിക്ക് ടോക്ക് വീഡിയോ സംവിധായകന്‍ അരുണ്‍ സാഗറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദൈവത്തിന്റെ മണവാട്ടി' ചിത്രത്തിലെ നായികാവേഷം തേടിയെത്തിയത്. മമ്മൂട്ടി നായകനായ പേരന്‍പില്‍ ട്രാന്സ് വുമണായ അഞ്ജലി അമീറും വേഷമിട്ടിരുന്നു.