സഹോദരന്റെ മുന്‍ഭാര്യ നാന്‍സി ജെയിംസ് നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടി ഹന്‍സിക മോട്വാനി. അമ്മ ജ്യോതി മോട്വാനിക്കൊപ്പമാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തിനെയാണ് സെലിബ്രിറ്റിയായ നാന്‍സി ജെയിംസ് വിവാഹം കഴിച്ചത്. എന്നാല്‍ 2022 ഡിസംബറില്‍ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നാന്‍സി, മോട്വാനി കുടുംബത്തിനെതിരെ ക്രൂരതയും പീഡനവും ആരോപിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു.
ഹന്‍സികയുടെ സമീപകാല ഹര്‍ജി പ്രകാരം, നാന്‍സി കേസ് ഫയല്‍ ചെയ്തത് ''പ്രതികാര നടപടി'' എന്ന നിലയിലാണെന്നാണ്. ബാര്‍ ആന്‍ഡ് ബെഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഹന്‍സികയുടെ അഭിഭാഷകയായ ദൃഷ്ടി ഖുറാനയും ജ്യോതിയുടെ അഭിഭാഷകനായ അദ്‌നാന്‍ ഷെയ്ഖും സമര്‍പ്പിച്ച ഹര്‍ജിയില്‍, ''എഫ്‌ഐആര്‍ ഹര്‍ജിക്കാരനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കി നിലവിലുള്ള ദാമ്പത്യ തര്‍ക്കത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതികാര നടപടിയാണെന്ന് പറയുന്നു.
ഹര്‍ജിക്കാരിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പ്രേരിതവുമാണ്, കൂടാതെ ക്രിമിനല്‍ പ്രോസിക്യൂഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ അതിശയോക്തിപരമായി സൃഷ്ടിച്ച ഗാര്‍ഹിക തര്‍ക്കങ്ങളില്‍ നിന്നാണ് ഇവ ഉയര്‍ന്നുവരുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാന്‍സി ജെയിംസ് പരസ്പര വിവാഹമോചനത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന റിപ്പോര്‍ട്ടുമുണ്ട്. നാന്‍സിയും പ്രശാന്തും തമ്മിലുള്ള നിയമപോരാട്ടത്തിനിടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട നാന്‍സി ഒരു പ്രതികാര നടപടിയ്ക്ക് വേണ്ടി മാത്രമാണ് പരാതി രജിസ്റ്റര്‍ ചെയ്തതെന്ന് ഹന്‍സിക പറയുന്നു.
ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രശാന്തിന്റെ സഹോദരിയായതിനാലാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും നടി വ്യക്തമാക്കി. വിവാഹമോചനത്തിന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, 2024-ല്‍ ലാണ് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തികൊണ്ട് നാന്‍സി ജെയിംസ്, നടി ഹന്‍സിക മോട്വാനി, ജ്യോതി മോട്വാനി, അവരുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് മോട്വാനി എന്നിവര്‍ക്കെതിരെ പോലീസ് പരാതി നല്‍കിയത്.
ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരത (സെക്ഷന്‍ 498അ), മനഃപൂര്‍വം അവരെ വേദനിപ്പിക്കല്‍ (സെക്ഷന്‍ 323), പ്രശ്‌നമുണ്ടാക്കാന്‍ അപമാനകരമായ വാക്കുകള്‍ ഉപയോഗിക്കല്‍ (സെക്ഷന്‍ 504), ഭീഷണിപ്പെടുത്തല്‍ (സെക്ഷന്‍ 506) തുടങ്ങിയ നിരവധി ഗുരുതരമായ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ നാന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹന്‍സിക മോട്വാനിയുടെയും അമ്മയുടെയും കേസ് തള്ളണമെന്ന അപേക്ഷ ജസ്റ്റിസ് സാരംഗ് കോട്വാള്‍, ജസ്റ്റിസ് എസ്.എം. മോദക് എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച, അവരുടെ ഹര്‍ജി സംബന്ധിച്ച് നോട്ടീസ് അയയ്ക്കുകയും അടുത്ത വാദം ജൂലൈ 3 ന് നടക്കുമെന്ന് അറിയിക്കുകയും ചെയ്തു.