കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോളെ അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അഭിനയമാണ് ഗ്രേസ് കാഴ്ചവച്ചത്. മുമ്പ് ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങിസിലും ഗ്രേസ് ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റേതായി പുറത്തിറങ്ങിയ ഹലാല്‍ ലൗ സ്റ്റോറിയും മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ കൈനിറയെ അവസരങ്ങളുമായി മുന്നേറുന്ന ഗ്രേസിനെതേടി നിവിന്‍ പോളിയുടെ നായികയാകാനുളള ക്ഷണം എത്തിയിരിക്കയാണ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മലയാള സിനിമയിലേക്ക് വരവറിയിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ പുതിയ സിനിമയിലാണ് ഗ്രേസ് നായികയാകുന്നത്. കനകം കാമിനി കലഹം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. നിവിന്‍ പോളിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. പിന്നാലെ ഇപ്പോഴിതാ ഗ്രേസ് ആയിരിക്കും നായിക എന്നും രതീഷ് അറിയിച്ചിരിക്കുകയാണ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. നിവിന്‍ കഥാപാത്രത്തിന് ചേരുന്നതു കൊണ്ടാണ് അദ്ദേഹത്തെ നായകനാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു.
എറണാകുളത്തായിരിക്കും സിനിമയുടെ ചിത്രീകരണം. നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും രതീഷ് അറിയിച്ചു. ലിജു കൃഷ്ണയുടെ പടവെട്ട് ആണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സിമ്പിളി സൗമ്യയിലാണ് ഗ്രേസ് ഇപ്പോള്‍ അഭിനയിക്കുന്നു. അഭിലാഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനാഥ് ഭാസിയും ചിത്രത്തിലുണ്ട്.
എറണാകുളം സ്വദേശിയായ ഗ്രേസ് ആന്റണിയാണ്. എറണാകുളം പെരുമ്പിള്ളി സ്വദേശിയായ ആന്റണിയുടെയും ഷൈനിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് ഗ്രേസ്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിലെത്തുന്നത്. ഒമര്‍ ലുലുവിന്റെ ഈ ചിത്രത്തിലൂടെയാണ് സിമി ശ്രദ്ധേയയായത്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്റേയും സിജു വില്‍സന്റേയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ആ ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകരില്‍ പലരും മറന്നു കാണില്ല. സീനിയേഴ്‌സിനെ ഞെട്ടിച്ച് നിര്‍ത്താതെ പാട്ടു പാടിയ ആ പെണ്‍കുട്ടി പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഗ്രേസിന്റെ തലവര മാറ്റിയത് കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോള്‍ ആണ്. ഹാപ്പി വെഡ്ഡിങ്ങിനെ റാഗിങ്ങ് രംഗത്തെ അഭിനയം കണ്ടാണ് കുമ്പളങ്ങിയിലേക്ക് സിമിക്ക് ക്ഷണം കിട്ടുന്നത്.