ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇന്‍ഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നില്‍ വെളിപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴിതാ സംഗീതമേഖലയില്‍ നിലനില്‍ക്കുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. കോംപ്രമൈസ് എന്ന വാക്ക് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്നാണ് ഗൗരി ലക്ഷ്മി പറയുന്നത്. ആ ഒരൊറ്റ കാരണം കൊണ്ട് ഒരു സംഗീതസംവിധായകന്റെ കൂടെ ഇനിയൊരിക്കലും ജോലി ചെയ്യില്ല എന്ന് തനിക്ക് തീരുമാനമെടുക്കേണ്ടി വന്നതായും ഗൗരി ലക്ഷ്മി പറയുന്നു.
''കോംപ്രമൈസ് എന്ന വാക്ക് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട്. പിന്നണി ഗാനരംഗത്തുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് ഒരു സംഗീതസംവിധായകന്റെ കൂടെ ഇനിയൊരിക്കലും ജോലി ചെയ്യില്ല എന്ന് എനിക്കു തീരുമാനമെടുക്കേണ്ടി വന്നു. എല്ലാ സംഗീതസംവിധായകരും അങ്ങനെയല്ല. ഒരുമിച്ച് ജോലി ചെയ്തതില്‍ എന്നെ നല്ല രീതിയില്‍ പരിഗണിച്ചവരും നല്ല പ്രതിഫലം തന്നവരുമുണ്ട്. എന്നാല്‍, കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്
ഇതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ. നോ പറഞ്ഞതുകൊണ്ട് ചാന്‍സ് കുറയും എന്ന വിഷമം എനിക്കില്ല. ഞാന്‍ അതിനൊന്നും കൂടുതല്‍ പരിഗണന കൊടുത്തിട്ടില്ല. കിട്ടിയ പാട്ടുകളില്‍ വളരെ സന്തോഷിക്കുന്നു. ഇനി അവസരങ്ങള്‍ കിട്ടിയാലും പോയി പാടും. അത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. പാട്ടുകള്‍ കിട്ടിയാല്‍ മാത്രമേ ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരൂ എന്ന ചിന്ത എനിക്കില്ല. അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ നിരാശ തോന്നുകയുമില്ല.
പാട്ട് ഉണ്ടാക്കുക, പാടുക എന്നത് എന്റെ ജോലി മാത്രമാണ്. അതിനപ്പുറം ഞാന്‍ എന്ന ഒരു വ്യക്തിയുണ്ട്, എനിക്ക് വേറൊരു ജീവിതമുണ്ട്. സന്തോഷമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആളുകളോടൊപ്പം ഞാന്‍ പ്രവര്‍ത്തിക്കും. ജീവിതത്തില്‍ ഒരുപാട് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ട് പോകാന്‍ എനിക്ക് താല്‍പര്യമില്ല.'' ഗൗരി ലക്ഷ്മി പറയുന്നു.