ഒരു സിനിമയില്‍ കയറിപ്പറ്റാന്‍ ചാന്‍സ് ചോദിച്ച് അലയുന്നവരുണ്ട്. എന്നാല്‍ ചിലരെ ആ ഭാഗ്യം അങ്ങോട്ട് തേടിയെത്തും. അങ്ങനെ സിനിമയിലെത്തിയ ഒരാളാണ് നടി ഗൗരി ജി കിഷന്‍ എന്ന പത്തനംതിട്ട അടൂരുകാരി പെണ്ണ്. എട്ടു വര്‍ഷം മുമ്പ് 96 എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ നടി തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തെന്നിന്ത്യക്കാരുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ ആ കൊച്ചു പെണ്‍കുട്ടി. ഗൗരി ജി കിഷന്‍ എന്ന പേര് ആദ്യമായി പുറത്തു വന്നപ്പോള്‍ തമിഴ്നാട്ടുകാരി കുട്ടിയാണെന്നാണ് പലരും കരുതിയത്. എന്നാല്‍ സത്യം അതായിരുന്നില്ല. കേരളത്തില്‍ ജനിച്ച, പിന്നീട് തമിഴ്നാട്ടിലേക്ക് ചേക്കേറിയ 18കാരി പെണ്‍കുട്ടിയായിരുന്നു അവള്‍. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠിക്കാനായി ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കവേയാണ് ഗൗരിയെ തേടി 96ലെ റാമിന്റെ ജാനുവാകാനുള്ള അവസരം എത്തിയത്. ഗൗരിയുടെ ദുബായിലുള്ള ഒരു അമ്മാവന്‍ വഴിയായിരുന്നു ഈ സുവര്‍ണാവസരം എത്തിയത്.
ഗൗരിയുടെ അച്ഛന്‍ ഗീതാ കിഷന്‍ പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്. അമ്മ വീണ വൈക്കത്തുകാരിയും. അച്ഛന്‍ കേരളം വിട്ട് ചെന്നൈയില്‍ ചേക്കേറിയതിനാല്‍ തന്നെ ഗൗരി വളര്‍ന്നതെല്ലാം ചെന്നൈിലായിരുന്നു. ചേട്ടന്‍ ഗോവിന്ദാണ് ഏക സഹോദരനായും ഉള്ളത്. ചെന്നൈയില്‍ പ്ലസ് ടു പഠനം കഴിഞ്ഞ് അവസാന ഘട്ടത്തിലേക്ക് എത്തുകയും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസത്തില്‍ ബിരുദം പഠിക്കാം എന്നൊക്കെ വിചാരിച്ചിരിക്കവേയാണ് ദുബായിലുള്ള അമ്മാവന്ഡ കൃഷ്ണകുമാര്‍ വഴി ജാനു ഗൗരിയിലേക്ക് എത്തുന്നത്. 96ന്റെ സംവിധായകന്‍ പ്രേംകുമാറും അമ്മാവന്‍ കൃഷ്ണ കുമാറും സഹപാഠികളായിരുന്നു. പ്രേംകുമാര്‍ ജാനകിയുടെ കുട്ടിക്കാല അഭിനയിക്കാന്‍ പറ്റിയ ആളെ അന്വേഷിക്കുന്ന വേളയിലായിരുന്നു അഭിനയം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഗൗരിക്ക് ആ ഭാഗ്യം ലഭിക്കുന്നത്. അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടും ചെയ്തു നോക്കൂ എന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വര്‍ക്ഷോപ്പിലെത്തിയതും ജാനുവായി മാറിയതും.
പിന്നീട് അങ്ങോട്ട് ഗൗരിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ലായെന്നതാണ് സത്യം. മലയാളത്തിലും തമിഴില്‍ വിജയ്ക്കും ധനുഷിനും ഒപ്പമെല്ലാം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഗൗരിയ്ക്ക് 96ന്റെ തെലുങ്കിലൂടെ അവിടെയും തിളങ്ങാന്‍ കഴിഞ്ഞു. അതിനിടെ പഠനവും പൂര്‍ത്തീകരിച്ചു.
ഇപ്പോള്‍ 26കാരിയായ ഗൗരി തന്റെ പുതിയ ചിത്രമായ 'അദേഴ്സ്' എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചയാകുന്നത്. ഈ സിനിമയില്‍ സഹനടന്‍ ആദിത്യ മാധവന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന ഒരു രംഗമുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാന്‍ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്‌ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
'ഇതൊരു തമാശയായി എനിക്ക് തോന്നിയില്ലെന്നും ബോഡി ഷെയ്മിങിനെ സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്' എന്നുമാണ് ഗൗരി വ്യക്തമാക്കിയത്. തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി ചോദിക്കുകയായിരുന്നു.