തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്ഡിന്റെ 'ഫിഷ് റോക്ക്' എന്ന തരംഗഗാനം മലയാളി കേള്വിക്കാര്ക്ക് ഇന്നും ആവേശമാണ്. വരികളിലെ മീനുകളുടെ പേരുകള്ക്കുമപ്പുറം ആ പാട്ടില് തുടിക്കുന്നത് തന്റെ ഭക്ഷണപ്രേമം തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. ഒരു യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഒരുകാലത്ത് തനിക്കുണ്ടായിരുന്ന മീനിനോടുള്ള ഇഷ്ടവും പിന്നീട് ജീവിതശൈലി മാറ്റി ഫിറ്റ്നസിലേക്ക് എത്തിയതിനെക്കുറിച്ചും താരം മനസ്സ് തുറന്നത്.
നൂറ് കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന കാലത്ത് താന് വലിയൊരു ഭക്ഷണപ്രിയനായിരുന്നുവെന്നും, ഒരൊറ്റയിരുപ്പില് 40 മുതല് 50 മത്തി വറുത്തത് വരെ കഴിക്കുമായിരുന്നുവെന്നും ഗോവിന്ദ് ഓര്ത്തെടുക്കുന്നു. എന്നാല് തുടര്ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന ശീലവും വ്യായാമമില്ലായ്മയും കാരണം ശരീരത്തില് കൊളസ്ട്രോളും ഫാറ്റും വര്ദ്ധിക്കുകയും തുടര്ന്ന് ഡോക്ടറുടെ നിര്ദ്ദേശപ്രകാരം വറുത്ത ഭക്ഷണങ്ങള് പൂര്ണ്ണമായി ഒഴിവാക്കുകയുമായിരുന്നു.
ഭക്ഷണത്തോടുള്ള ഈ അടങ്ങാത്ത സ്നേഹത്തില് നിന്നാണ് 'ഫിഷ് റോക്ക്' എന്ന ഗാനം പിറവിയെടുത്തതെന്നും അത് ശരിക്കുമൊരു പ്രണയഗാനമാണെന്നും ഗോവിന്ദ് പറയുന്നു. ''എന്റെ മുന്പിലിരിക്കുന്ന പ്ലേറ്റില് നിറയെ മത്തി വറുത്തത് കാണും. വേറൊന്നുമുണ്ടാകില്ല. അത് മാത്രമാണ് ഞാന് കഴിക്കുന്നത്. ഞാനങ്ങനെ കഴിക്കുമായിരുന്നു. എനിക്ക് മീന് ഭയങ്കര ഇഷ്ടമാണ്. പക്ഷേ അതിന് ശേഷം ഫാറ്റൊക്കെ വന്നു. കാരണം ഞാന് ജോലി ചെയ്യുന്നത് മുഴുവന് സമയം ഇരുന്നു കൊണ്ടാണ്. വ്യായാമം ഒന്നുമില്ല, പുറത്തു പോകാറില്ല. എപ്പോഴും വീട്ടില് തന്നെ. അങ്ങനെ എനിക്ക് കൊളസ്ട്രോളും അതുമിതുമൊക്കെ വന്നു. അപ്പോള് ഡോക്ടര് പറഞ്ഞു, ഇതൊന്നും ഇനി കഴിക്കരുത് എന്ന്. ആദ്യം വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കാന് പറഞ്ഞു.
അങ്ങനെ നിര്ത്തി. ഫിഷ് റോക്ക് ശരിക്കുമൊരു ലവ് സോങ് ആണ്. എനിക്ക് ഭക്ഷണം ഇഷ്ടമാണ്. ഭക്ഷണത്തോടുള്ള സ്നേഹം ഒരു യാഥാര്ത്ഥ്യമാണ്. ഇപ്പോള് ഞാന് വളരെ അപൂര്വമായി മാത്രമേ മീന് കഴിക്കാറുള്ളൂ. കാരണം എനിക്കറിയാം കഴിച്ചാല് എന്റെ പിടി വിടുമെന്ന്. എനിക്ക് പിന്നെ അത് നിര്ത്താന് പറ്റില്ല. എനിക്ക് അഡിക്ഷന് പ്രശ്നങ്ങളുണ്ട്. ഇപ്പോള് ഫിറ്റ്നസിനോട് ആണ് എനിക്ക് അഡിക്ഷന്.
ഞാന് അങ്ങനെയാണ്. എനിക്ക് എന്നോട് തന്നെ പോരാടാനാകില്ല, ഞാന് എന്നെത്തന്നെ ആകാന് അനുവദിക്കുന്നു'' ഗോവിന്ദ് പറഞ്ഞു. എന്നിരുന്നാലും ചെന്നൈയില് എത്തുമ്പോള് ഭക്ഷണത്തോടുള്ള കമ്പം മാറ്റിവെക്കാറില്ലെന്നും, കേരളത്തിലെ ബിരിയാണിയേക്കാള് ചെന്നൈയിലെയും ഹൈദരാബാദിലെയും ബിരിയാണികളാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും താരം തുറന്നുപറയുന്നു.
'ഗോവിന്ദ് വസന്ത ജനിക്കുന്നത് തന്നെ '96' സിനിമയ്ക്ക് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് മുന്പ് ഗോവിന്ദ് വസന്ത ഇല്ല, ഗോവിന്ദ് മേനോന് ആയിരുന്നു. ഞാന് ഇടയ്ക്ക് പേര് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് മുന്പ് തന്നെ ഫെയ്സ്ബുക്കിലൊക്കെ മാറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. ഔദ്യോഗികമായി എല്ലായിടത്തും ഗോവിന്ദ് മേനോന് എന്ന് തന്നെയാണ്. എന്റെ പേരില് ജാതി വരുന്നത് എനിക്ക് താല്പര്യമില്ലായിരുന്നു.
ഞാനെപ്പോഴും അമ്മയുടെ പേര് വയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാനിപ്പോഴും ഒരു അമ്മ ഫാന് ആണ്. അതുകൊണ്ടാണ് അമ്മയുമായി ബന്ധപ്പെട്ട എന്തെങ്കിലും വേണമെന്ന് തോന്നിയത്. അതിന് ഏറ്റവും ശരിയായ സമയം 96 റിലീസ് ചെയ്തപ്പോഴായിരുന്നു. 96 ന്റെ സംവിധായകന് പ്രേമും ഞാനും മുന്പേ സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ഞാനൊരു ഫുള്ടൈം സംഗീത സംവിധായകനൊന്നുമായിരുന്നില്ല.
എന്റെ സുഹൃത്ത് എന്നെ കാണാന് വരുന്നു, എന്നോട് ഒരു കഥ പറയുന്നു, അത്രയേ ഉള്ളൂ. ഞാന് സംഗീതത്തിലൂടെ അദ്ദേഹത്തെ സഹായിക്കുന്നു. അദ്ദേഹം നന്നായി കഥ പറഞ്ഞു, അതോടൊപ്പം അദ്ദേഹം നല്ലൊരു അഭിനേതാവ് കൂടിയാണ്. അതുകഴിഞ്ഞ ഉടനെ തന്നെ ഞങ്ങള് കംപോസിങ് തുടങ്ങി. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. അത് വളരെ എളുപ്പമായിരുന്നു.
'അന്താതി...' എന്ന പാട്ടിനാണ് സമയമെടുത്തത്. അത് സിനിമയില് ഇല്ല. ലവ് ആന്തം ഉണ്ടാക്കാനായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. അതാണ് 'അന്താതി'. എന്നെ സംബന്ധിച്ച് ലവ് ആന്തം എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതൊരു ലവ് സോങ് അല്ല. പ്രണയത്തിന്റെ ആന്തം ആണ്.- ഗോവിന്ദ് വസന്ത പറഞ്ഞു.
അതോടൊപ്പം സിനിമയ്ക്ക് വേണ്ടത് എന്താണോ അതാണ് താന് ചെയ്യുന്നതെന്നും ഗോവിന്ദ് കൂട്ടിച്ചേര്ത്തു. ലൈക്കബ്ലിറ്റി എന്റെ ക്രൈട്ടീരിയ അല്ല. ആ സിനിമയ്ക്ക് വേണ്ടത് എന്താണോ അത് ചെയ്യുക എന്നതാണ് എന്റെ ജോലി. മുന്പ് ഞാന് ചെയ്ത സിനിമകളെക്കുറിച്ചൊന്നും അപ്പോള് ഞാന് ചിന്തിക്കാറില്ല. ഇപ്പോള് ഒരു പടം ഉണ്ടെങ്കില് ആ പടത്തിന് വേണ്ട സംഗീതമൊരുക്കുക.
ആ സിനിമയില് കാതലേ കാതലേ... എന്ന പാട്ട് വേണ്ടെങ്കില് അത് ചെയ്യരുത്. അതല്ല എന്റെ ജോലി. നല്ല സം?ഗീതമൊരുക്കുക എന്നതാണ് എന്റെ ജോലി. എന്റെ ജോലി എന്താണെന്ന് വച്ചാല് കഥയ്ക്കൊപ്പം ആ സീനിനെ ഉയര്ത്തുക എന്നതാണ്, അതിന് എവിടെ വരെ പോകാമോ അവിടെ വരെ പോകാം. ഇതൊരു ജോലിയായാണ് ഞാന് കാണുന്നത്.
എന്റെ ജോലിയിലെ ഓരോ അസൈന്മെന്റുകളാണിതൊക്കെ. അതില് വേറെ ആശങ്കകളൊന്നുമില്ല. അടുത്ത പടത്തില് ഹിറ്റ് വേണം എന്നൊന്നുമുള്ള കാര്യങ്ങളില്ല. ചിലപ്പോള് ഹിറ്റ് ആകണമെന്ന് അവര് ആവശ്യപ്പെടും. കറക്ഷന്സൊക്കെ പറഞ്ഞു തന്ന്, ഇതുപോലെ ഒരു പാട്ട് വേണമെന്ന് പറയും. അത് ഞാന് ചെയ്യാറുണ്ട്.
ഒരു പോയിന്റ് കഴിഞ്ഞപ്പോള് അവര്ക്കിഷ്ടപ്പെടുന്ന രീതിയിലുള്ളത് നല്കാന് ഞാന് ശ്രമിക്കാറുണ്ട്. ഞാനത് ആസ്വദിക്കുന്നുണ്ട്. ആ പാട്ട് ഹിറ്റായാല്, അതെന്തുകൊണ്ട് ഹിറ്റായി എന്ന് ഞാന് മനസിലാക്കാന് ശ്രമിക്കും. എന്റെ മാത്രമല്ല, മറ്റുള്ളവരുടെ അഭിപ്രായങ്ങളുമൊക്കെ ഞാന് കേള്ക്കും'.- ?ഗോവിന്ദ് വസന്ത എസ് എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിനോട് വ്യക്തമാക്കി.